തിരുവനന്തപുരം: കോർപ്പറേഷന്റെ മേയർ കെയർ പദ്ധതിക്കെതിരേ അഴിമതി ആരോപണം ഉയർന്നതോടെ എൽ.ഡി.എഫ്. വിജിലൻസ് ഡയറക്ടർക്കും തദ്ദേശവകുപ്പ്‌ മന്ത്രിക്കും പരാതിനൽകി. ഇതോടെ മേയർ കെയർ പദ്ധതിയിൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

To advertise here,

സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട് സ്വീകരിക്കുന്നതിനു വ്യക്തമായ വ്യവസ്ഥകൾ ഉണ്ടെന്നിരിക്കേ പി.എം. കെയർപോലെ നിഗൂഢമാണ് മേയർ കെയറുമെന്നും ബി.ജെ.പി.യെ ശക്തിപ്പെടുത്താനുള്ള ഫണ്ട് ശേഖരണമാണ് നടക്കുന്നതെന്നും എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടിനേതാവ് എസ്.പി. ദീപക് പത്രസമ്മേളനത്തിൽ പറഞ്ഞു.

എത്ര രൂപ സംഭാവന ലഭിച്ചുവെന്ന് മേയർ വ്യക്തമാക്കണം. കൗൺസിലിന്റെ അനുമതി വാങ്ങാതെയാണ് മേയർ കെയർ പദ്ധതി ആരംഭിച്ചത്. പുറത്തുനിന്ന്‌ ഫണ്ട് വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ല. ഓണത്തിന് 4000 പേർക്കാണ് ഓണക്കിറ്റും സദ്യയും നൽകിയത്.

ഒരുകോടി രൂപയിലധികമാണ് മേയർ കെയർ പദ്ധതിക്കായി പിരിച്ചത്. സ്‌കൂൾകുട്ടികൾക്ക് കിറ്റ് വിതരണം ചെയ്യുന്നതിനായി വ്യാപകമായി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന്‌ ഫണ്ട് പിരിച്ചു. 10,000 കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്യണമെന്നായിരുന്നു വ്യാപാരസ്ഥാപനങ്ങൾക്കു നൽകിയ മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ എഴുതിയിരുന്നത്.

എന്നാൽ, 4000 വിദ്യാർഥികൾക്കു മാത്രമേ കിറ്റ് വിതരണം ചെയ്തുള്ളൂ. പദ്ധതിക്കായി എത്ര രൂപ ലഭിച്ചുവെന്നോ, എത്ര ചെലവഴിച്ചുവെന്നോ കണക്കില്ല. രേഖകൾ ഉണ്ടെന്ന് മേയർ അവകാശപ്പെട്ടുവെങ്കിലും കഴിഞ്ഞദിവസം ചേർന്ന കൗൺസിലിൽ അത് ഹാജരാക്കാൻ തയ്യാറായില്ല.

കോർപ്പറേഷൻപരിധിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മേയേഴ്‌സ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ട് നിലവിലുണ്ട്. ഇതിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകൾ മേയറും സെക്രട്ടറിയും സംയുക്തമായി കൈകാര്യംചെയ്യുന്ന സംയുക്ത അക്കൗണ്ടിലേക്കാണ് ലഭിക്കുക.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സുതാര്യമായി പ്രവർത്തിക്കുന്ന മേയേഴ്‌സ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് ആവശ്യമായ തുക ചെലവഴിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഇത് പാടേ അവഗണിച്ചാണ് മേയറുടെ നേതൃത്വത്തിൽ സാധനങ്ങളും ഫണ്ടും പിരിച്ചത്.

ജൂണിൽ ആരംഭിച്ച മേയർ കെയർ പദ്ധതിയിലെ അഴിമതിക്കെതിരേ നിയമപോരാട്ടം ശക്തമാക്കുമെന്ന് എൽ.ഡി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ തുടക്കമെന്നനിലയിലാണ് വിജിലൻസിനും തദ്ദേശമന്ത്രിക്കും പരാതിനൽകിയത്. യു.ഡി.എഫും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

പണമായോ, പാരിതോഷികമായോ ഏതെങ്കിലും ജീവനക്കാരോ ജനപ്രതിനിധികളോ സ്വീകരിക്കുന്നത് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാർഹമാണ്. ഇതുസംബന്ധിച്ച് സർക്കാരും വിജിലൻസും അന്വേഷിക്കണം. അഴിമതി മറച്ചുപിടിക്കാനാണ് തിയേറ്ററിലെ പോപ്‌കോൺ വിഷയം ഇപ്പോൾ ചർച്ചയാക്കുന്നതെന്നും എൽ.ഡി.എഫ്. ആരോപിച്ചു. രാഖി രവികുമാർ, ആർ.പി. ശിവജി, വഞ്ചിയൂർ ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.