ഷൊർണൂർ: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിൽനിന്ന് വീണും തീവണ്ടിയിടിച്ചും നാല് കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ഉദ്യോഗസ്ഥനോ പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതോടെയാണിത്.

To advertise here,

അപകടത്തിൽ മരിച്ച നാലാമൻ സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്മണനെ തീവണ്ടി തട്ടിയിട്ടില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. മറ്റ് മൂന്നുപേരെയും തീവണ്ടിയിടിക്കുന്നത് കണ്ട് ഭയന്ന് പുഴയിലേക്ക് പാലത്തിന് മുകളിൽനിന്ന്‌ ചാടിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. അപകടം നടന്ന് ഒരുദിവസത്തിനുശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ലക്ഷ്മണന്റെ ഭാര്യ റാണി, സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55) എന്നിവരെ തീവണ്ടിതട്ടിയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.

ആറുപേരടങ്ങിയ സംഘം മാലിന്യം ശേഖരിച്ച് ചാക്കിലാക്കി ചെറുതുരുത്തി ഭാഗത്തുനിന്ന്‌ ഷൊർണൂർ ഭാഗത്തേക്ക് പാലത്തിലൂടെ നടന്നുവരികയായിരുന്നു. ഇതിൽ റാണിയും വള്ളിയും വള്ളിയുടെ ഭർത്താവ് ലക്ഷ്മണനും പാലത്തിലെ സുരക്ഷാകവചം കടന്ന് പോരുകയും ഇപ്പുറമെത്താതെ പാളത്തിന് നടുവിൽ കുടുങ്ങുകയുമായിരുന്നു. ഈ സമയത്ത് രണ്ട് സുരക്ഷാകവചങ്ങൾക്കുമിടയിലായിരുന്നു പുഴയിൽ വീണ ലക്ഷ്മണൻ. പുറകിലുണ്ടായിരുന്ന രണ്ടുപേർ പാലത്തിന് നടുവിലെ സുരക്ഷാകവചത്തിലേക്ക് ഇറങ്ങിനിന്ന് രക്ഷപ്പെടുകയും ചെയ്തു.

കരാറുകാരനെ പഴിചാരി റെയിൽവേ ഉത്തരവാദിത്വമൊഴിയുകയാണെന്നാണ് പരാതി. റെയിൽവേമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പാളങ്ങളും പരിസരവും ശുചീകരിക്കുന്നതിനായി നിയോഗിച്ച കരാറുകാരന്റെ തൊഴിലാളികളാണ് മരിച്ചത്. കരാറുകാരനെ ചോദ്യംചെയ്ത് വ്യക്തത വരുത്തിയിട്ടുണ്ടെന്ന് ഷൊർണൂർ പോലീസ് പറയുന്നു. സംഭവത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് റെയിൽവേ സുരക്ഷാസേന നിയോഗിക്കപ്പെടുമ്പോൾ മാത്രമേ നടപടിയുണ്ടാകൂ എന്നുമാണ് വിശദീകരണം.