
പുണെ/മുംബൈ: ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളുമായി കേരള പോലീസ് സംഘം മുംബൈയില്‍നിന്ന് ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ തീവണ്ടി യാത്രയ്ക്കിടെ ലോണാവാലയില്‍നിന്നാണ് രണ്ടുകുട്ടികളേയും റെയില്‍വേ പോലീസ് കണ്ടെത്തിയത്.
മുംബൈ സി.എസ്.ടി.യില്‍നിന്നുള്ള ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. കേരള പോലീസ് നല്‍കിയ ഫോട്ടോയില്‍നിന്നാണ് റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പുണെയിലെ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ സസൂണ്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് യെര്‍വാദയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കെയര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.
രാവിലെ മുംബൈയിലെത്തിയ താനൂര്‍ പോലീസ് സംഘം റോഡ് മാര്‍ഗമാണ് പുണെയിലെത്തിയത്. കുട്ടികളെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്തു. തുടര്‍ന്ന് പന്‍വേലിലേക്കെത്തിച്ച് തീവണ്ടിയില്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
മുംബൈയിലെത്തിയ കുട്ടികള്‍ വ്യാഴാഴ്ച വൈകുന്നേരം നഗരത്തിലെ ഫോര്‍ട്ട് പ്രദേശത്ത് മലയാളി നടത്തുന്ന ലാസ്യ ബ്യൂട്ടിപാര്‍ലറില്‍ എത്തിയിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിര്‍ണായകമായത്. മുടിയുടെ സ്‌റ്റൈല്‍ മാറ്റണമെന്നും മുഖാകൃതിയില്‍ മാറ്റം വരുത്തണമെന്നുമാണ് ഇരുവരും പറഞ്ഞത്. നീളമുള്ള മുടി മുറിച്ചു. കൂടെ ആരും ഉണ്ടായിരുന്നില്ല. പേരും ഫോണ്‍ നമ്പറും ചോദിച്ചപ്പോള്‍ ഫോണ്‍ കാണാതായെന്ന് മാത്രമാണ് ബ്യൂട്ടി പാര്‍ലറില്‍ പറഞ്ഞത്. സുഹൃത്തിന്റെ വിവാഹാഘോഷത്തിനായാണ് മുംബൈയിലെത്തിയതെന്നും പറഞ്ഞു.
കൊണ്ടുപോകാന്‍ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും വരുന്നതിനു മുന്‍പ് ഇവര്‍ അവിടെനിന്ന് കടന്നു. പാര്‍ലറിലെ നമ്പറില്‍നിന്ന് ഇവര്‍ കൂടെ യാത്രചെയ്തിരുന്ന എടവണ്ണ സ്വദേശി റഹിം അസ്ലമിനെ വിളിച്ചിരുന്നു. ഇതുവഴി റഹിമിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു. റഹിം നല്‍കിയ വിവരങ്ങളും ഇവരെ കണ്ടെത്താനുള്ള വഴികള്‍ എളുപ്പത്തിലാക്കി.
നാട്ടിലെത്തിയാല്‍ ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്യും. പെണ്‍കുട്ടികളെ കണ്ടെത്താന്‍ മുംബൈ കേരള മുസ്ലിം ജമാഅത്ത്, പനവേല്‍ കേരള കള്‍ച്ചറല്‍ സൊസൈറ്റി, പുണെ മലയാളി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
Content Highlights: tanur missing girls return kerala saturday malappuram
Published: 08 Mar 2025, 06:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented