തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗിച്ച് ഗ്രഫീന്‍ അറോറ പദ്ധതി നടപ്പാക്കാന്‍ രംഗത്തുവന്ന സ്വകാര്യ കമ്പനിയുടെ സ്ഥാപകരില്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധമുള്ള രണ്ടുപേര്‍. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സ്പോണ്‍സറിങ് ഏജന്‍സിയായ ഐഐഐടിഎംകെയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗങ്ങളായ റിട്ട. ഐഎഎഎസ് ഉദ്യോഗസ്ഥന്‍ മാധവന്‍ നമ്പ്യാരും പ്രൊഫ. അലക്സ് ജെയിംസുമാണ് ഇന്ത്യ ഗ്രഫീന്‍ എന്‍ജിനിയറിങ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍ (ഐ-ജിഇഐസി) എന്ന കമ്പനിയുടെ സ്ഥാപകരില്‍ രണ്ടുപേര്‍. ഡിജിറ്റല്‍ സര്‍വകലാശാലയിലെ അധ്യാപകന്‍കൂടിയാണ് അലക്സ് ജെയിംസ്.

To advertise here,

ഇവരുള്‍പ്പെടെ നാലുപേരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. തിരുവനന്തപുരത്ത് അംബുജവിലാസം റോഡിലെ ഒരു കെട്ടിടമാണ് കമ്പനിയുടെ ഓഫീസായി, രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, കമ്പനിയുടെ വെബ്സൈറ്റില്‍ ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ ഒരു മേല്‍വിലാസമാണ് ആസ്ഥാനമായി കാണിച്ചിട്ടുള്ളത്.

കമ്പനി സമര്‍പ്പിച്ച ബില്ലുകളിലും ഇന്‍വോയ്സുകളിലും വൗച്ചറുകളിലും ഈ രണ്ട് വിലാസങ്ങള്‍കൂടാതെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന പള്ളിപ്പുറം കമ്പനിയുടെ വിലാസമായി കാണിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ സിസാ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രംഗത്തുവന്നിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലയെ മുന്നില്‍ നിര്‍ത്തി കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഗ്രഫീന്‍ ഗവേഷണത്തിനുവേണ്ടി സ്വകാര്യ കമ്പനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം വേണമെന്നും ഇടപാടുകള്‍ സിഎജി അന്വേഷിക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗ്രഫീന്‍ ഗവേഷണ-സംരംഭം പദ്ധതിക്കായി കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപവത്കരിച്ച 94.85 കോടി രൂപയുടെ ഫണ്ട് ഐ-ജിഇഐസിക്കാണ് ആദ്യം അനുവദിച്ചത്. പിന്നീട് തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച്, നടത്തിപ്പ് ഏജന്‍സിയായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഐ-ജിഇഐസിയിലും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയിലും പദവികള്‍ അലങ്കരിക്കുന്ന വ്യക്തികള്‍, അവരുടെ ചുമതലകള്‍ വെളിപ്പെടുത്താതെ ഇടപാടില്‍ പങ്കാളികളാവുന്നത് താത്പര്യ വൈരുധ്യത ആരോപിക്കപ്പെടുമെന്ന് സിസാ തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി രൂപവത്കരണത്തിലെ സുതാര്യക്കുറവ്, കമ്പനി മേല്‍വിലാസത്തിലെ പൊരുത്തക്കേട്, പദ്ധതിനിര്‍വഹണത്തില്‍ വ്യക്തതയില്ലായ്മ, ഫണ്ടുവിനിയോഗത്തിലെ ക്രമക്കേട് തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സലര്‍ പരാമര്‍ശിച്ചിട്ടുള്ളത്.