തൃശ്ശൂര്‍: കോര്‍പറേഷന്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആദരം. പൂരത്തിനു മുന്‍പും ശേഷവും നഗരത്തെ വൃത്തിയായി സൂക്ഷിച്ചതിനാണിത്. കേന്ദ്രമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞും പലരും ആദരവിന്റെ തിളക്കംകൂട്ടി. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോകൂടി എടുത്തശേഷമാണ് ഓരോ ഗ്രൂപ്പും വേദിവിട്ടത്. ഇരുന്നൂറിലധികം തൊഴിലാളികളാണ് ആദരം ഏറ്റുവാങ്ങിയത്. 

To advertise here,

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 420 പേരാണ് പൂരം ശുചീകരണ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. ഇവര്‍ക്കുപുറമേ, പൂരം സംഘാടനത്തില്‍ മികവുപുലര്‍ത്തിയവരെയും ചടങ്ങില്‍ ആദരിച്ചു. മേയര്‍ എം.കെ. വര്‍ഗീസ്, കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, കമ്മിഷണര്‍ ആര്‍. ഇളങ്കോ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ തുടങ്ങി പൂരത്തിന് നേതൃത്വപരമായ പങ്കുവഹിച്ച എല്ലാവരെയും കേന്ദ്രമന്ത്രി ആദരിച്ചു. 

ഡിഎംഒ ഡോ.ടി.പി. ശ്രീദേവി, ആനചികിത്സകരായ ഡോ.പി.ബി. ഗിരിദാസ്, ഡോ. അജിത്ബാബു, കോര്‍പറേഷന്‍ സെക്രട്ടറി ഷിബു, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രേഖ, എസിപി സലീഷ് ശങ്കരന്‍ തുടങ്ങിയവരും ആദരം ഏറ്റുവാങ്ങി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളാഞ്ചേരി, പൂര്‍ണിമാ സുരേഷ്, എന്‍.പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിനന്ദനം

ശുചിത്വപൂരം എന്നു പേരിട്ട പരിപാടി ഉദ്ഘാടനംചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി പൂരം നടത്തിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരായ കെ. രാജന്‍, വിഎന്‍. വാസവന്‍ എന്നിവരെയും അഭിനന്ദിച്ചു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി പലതവണ യോഗം വിളിച്ച മുഖ്യമന്ത്രി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി.എന്‍. വാസവനും കൃത്യമായ ഇടപെടലുകള്‍ നടത്തി.

മന്ത്രി കെ. രാജന് പൂരം ആസ്വദിക്കാന്‍പോലും സമയം കിട്ടിയിട്ടില്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. അനിയനെപ്പോലെ കരുതുന്ന മന്ത്രി രാജനെ കോടീശ്വരന്‍ പരിപാടിയില്‍ പറയാറുള്ളതുപോലെ കെട്ടിപ്പിടിച്ച് ഞെക്കി ഒരു മുത്തം കൊടുക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രി കെ. രാജനുള്ള സമ്മാനമായി പൊന്നാട കേന്ദ്രമന്ത്രി കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

പങ്കെടുക്കാതിരിക്കാന്‍ സമ്മര്‍ദം

കേന്ദ്രമന്ത്രി സംഘടിപ്പിച്ച അനുമോദനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പല ശുചീകരണ തൊഴിലാളികള്‍ക്ക് മുകളിലും സമ്മര്‍ദമുണ്ടായി. മേയര്‍ ഉള്‍പ്പെടെ പങ്കെടുത്തെങ്കിലും ഇടതുപക്ഷ സംഘടനാനേതാക്കള്‍ തൊഴിലാളികളെ വിലക്കിയെന്നാണ് അറിയുന്നത്. വരാന്‍ തയ്യാറായിനിന്ന പല തൊഴിലാളികളും വെള്ളിയാഴ്ച രാവിലെയാണ് വരാനാകില്ലെന്നും പ്രശ്‌നമുണ്ടെന്നും സംഘാടകരെ അറിയിച്ചത്.