ന്യൂഡൽഹി : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടി. കേസിൽ വിചാരണ നേരിടാൻ ആന്റണി രാജുവിനോട് സുപ്രീം കോടതി നിർദേശിച്ചു. ഡിസംബർ 20-ന് ആന്റണി രാജു വിചാരണ കോടതിയിൽ ഹാജരാകണം. പോലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിചാരണ. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

To advertise here,

1994-ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ ശിരസ്താധാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2006-ൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് പോലീസ് ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120ബി, 420, 201, 193, 217, 34 എന്നീ വകുപ്പുകൾ ആണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

2006-ലെ പോലീസ് കുറ്റപത്രം കഴിഞ്ഞ 16 വർഷം വിചാരണയില്ലാതെ വിചാരണ കോടതിയിൽ കെട്ടികിടക്കുകയായിരുന്നു. ഈ കുറ്റപത്രത്തിനാണ് സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. എന്നാൽ വിചാരണ ഫലപ്രദമായി പൂർത്തിയാക്കുക എന്നത് എളുപ്പമല്ലെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസിലെ പല സാക്ഷികളും ഇന്ന് ജീവിച്ചിരിപ്പില്ല. 

ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം ഉൾപ്പെടുന്ന കേസാണിതെന്ന് വാദം കേൾക്കലിനിടെ ജസ്റ്റിസ് സി.ടി. രവികുമാറും, ജസ്റ്റിസ് സഞ്ജയ് കരോളും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സത്യം തെളിയാൻ കേസിൽ വിചാരണ വേണമെന്ന നിലപാടിലാണ് സുപ്രീം കോടതി എത്തി ചേർന്നത്.