
ന്യൂഡൽഹി: മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ച ശേഷം ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ എന്ത് ഇടപെടൽ നടത്തണമെന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത് എന്ന് അമിക്കസ്ക്യുറിയും സീനിയർ അഭിഭാഷകനുമായ കെ. പരമേശ്വർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ഭരണ റിപ്പോർട്ടിൽ അടക്കം ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം 215720 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 344 ചതുരശ്ര മൈൽ ഏലം കുത്തകപാട്ട ഭൂമി. എന്നാൽ സർക്കാർ സുപ്രീം കോടതിയിൽ ഹാജരാക്കിയ ടൈപ്പ് ചെയ്ത റിപ്പോർട്ടിൽ ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണ്ണം 15720 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ലക്ഷം ഏക്കർ ഭൂമിയുടെ കുറവ് ആണ് കണക്കുകളിൽ ഉള്ളത് എന്നും അമിക്കസ്ക്യുറി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭൂമിയുടെ യഥാർത്ഥ വിസ്തീർണം സംബന്ധിച്ച് സർക്കാരിൽനിന്ന് വ്യക്തത വരുത്തണമെന്നും അമിക്കസ് ക്യുറി ആവശ്യപ്പെട്ടു. നിലവിൽ പറഞ്ഞിരിക്കുന്ന കണക്കിൽനിന്ന് വ്യത്യസ്തമാണ് യാഥാർഥ്യമെങ്കിൽ എന്തുകൊണ്ടാണ് രേഖകൾ സുപ്രീം കോടതിയിൽനിന്ന് മറച്ചുവെച്ചത് എന്ന് വ്യക്തമാക്കാൻ നിർദേശിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.
വനം, റവന്യു വകുപ്പുകൾക്ക് വ്യത്യസ്ത നിലപാട് പാടില്ല, സർക്കാർ ഒന്നേ ഉള്ളൂ- ജസ്റ്റിസ് ഗവായ്
മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച് വനം, റവന്യു വകുപ്പുകൾക്ക് വ്യത്യസ്ത നിലപാട് പാടില്ലെന്ന് ജസ്റ്റിസ് ബി.ഗവായ്. സർക്കാർ വകുപ്പുകൾക്ക് ഒരേ നിലപാട് ആയിരിക്കണം. സുപ്രീം കോടതിക്ക് മുന്നിൽ സർക്കാർ ഒന്നേ ഉള്ളുവെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച് വനം വകുപ്പിനും റവന്യു വകുപ്പിനും വ്യത്യസ്ത നിലപാട് ആണെന്ന് അമിക്കസ്ക്യുറി കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇരു വകുപ്പുകളോടും പ്രത്യേകം സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിക്കണം എന്ന് അമിക്കസ്ക്യുറി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാർ ഒരു സത്യവാങ്മൂലം ഫയൽ ചെയ്താൽ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഞങ്ങൾ ഇടപെട്ടാൽ കർഷകർ ബുദ്ധിമുട്ടിലാകില്ലേയെന്ന് സുപ്രീം കോടതി, ബുദ്ധിമുട്ട് കർഷകർക്ക് അല്ലെന്ന് അമിക്കസ് ക്യുറി
മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ കോടതി ഇടപെട്ടാൽ നൂറ് കണക്കിന് കർഷകർ ബുദ്ധിമുട്ടിലാകില്ലേ എന്ന് സുപ്രീം കോടതി ആരാഞ്ഞു. എന്നാൽ കോടതി ഇടപെട്ടാൽ കർഷകർക്ക് അല്ല ബുദ്ധിമുട്ട് ഉണ്ടാകുക എന്ന് അമിക്കസ് ക്യുറി കെ. പരമേശ്വർ കോടതിയെ അറിയിച്ചു. ഭൂരഹിതരായ നിരവധി പേർക്ക് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ചെറുകിട കർഷകർ ഉണ്ട്. അവരെ ബുദ്ധിമുട്ടിലാക്കുക എന്ന നിലപാട് ഇല്ലെന്നും അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. മതികെട്ടാൻ ചോല ഉൾപ്പടെ നിബിഡ വനങ്ങൾ അടങ്ങുന്നതാണ് ഏലം കുത്തകപാട്ട ഭൂമി എന്നും അമിക്കസ് വ്യക്തമാക്കി. തുടർന്ന് സംസ്ഥാന സർക്കാരിന്റ റിപ്പോർട്ട് ലഭിച്ചശേഷം എന്ത് തുടർ നടപടികൾ സ്വീകരിക്കണം എന്നതിൽ തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
എ. കൗശിക് ഐ.എ.എസ്. സുപ്രീം കോടതിയിൽ ഹാജരായി ഖേദം പ്രകടിപ്പിച്ചു, കോടതി അലക്ഷ്യ നടപടി അവസാനിപ്പിച്ചു
മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച ഫയൽ സുപ്രീം കോടതി ചുമതല പ്പെടുത്തിയ ഉന്നതാധികാര സമിതിക്ക് കൈമാറാൻ വിസമ്മതിച്ച സംസ്ഥാന സർക്കാരിന്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ബുധനാഴ്ച സുപ്രീം കോടതിയിൽ ഹാജരായി. ലാൻഡ് റവന്യു കമ്മീഷണർ എ. കൗശിക്, പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഡീഷണൽ സെക്രട്ടറി ടി.ആർ. ജയ്പാൽ എന്നിവരാണ് ഹാജരായത്. ഇരുവരും ഖേദം അറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം ഫയൽ ചെയ്തതിനാൽ കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു.
ഫയലുകൾ ഉന്നത അധികാര സമിതിക്ക് കൈമാറാത്തത് മനഃപൂർവം അല്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിക്ക് കൈമാറേണ്ട സത്യവാങ്മൂലം തയ്യാറാക്കാൻ ആയി ഫയൽ സെക്രട്ടറിയേറ്റിലേക്ക് അയച്ചിരുന്നു. അതിനാലാണ് ഫയൽ ഉന്നതാധികാര സമിതിക്ക് കൈമാറാൻ സാധിക്കാത്തത് എന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. എന്നാൽ ഫയൽ കൈമാറാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഉന്നതാധികാര സമിതിക്ക് കൈമാറിയ കത്തിലെ വാചകങ്ങൾ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് യോജിച്ചത് അല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ എ.കാർത്തിക് എന്നിവരാണ് ഹർജിക്കാരായ വൺ എർത്ത് വൺ ലൈഫിന് വേണ്ടി ഹാജരായത്. ഏലം കർഷകരുടെ വിവിധ സംഘടനകൾക്ക് വേണ്ടി സീനിയർ അഭിഭാഷക അനിത ഷേണായ്, അഭിഭാഷകരായ റോയ് എബ്രഹാം, സാജു ജേക്കബ് എന്നിവർ ഹാജരായി.
Content Highlights: Supreme Court directs Kerala to disclose amount of cardamom monopoly land in Munnar
Published: 21 Aug 2024, 01:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented