കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെ ഫേസ്ബുക്കിൽ നന്ദിയറിയിച്ചുകൊണ്ടുള്ള കുറിപ്പുമായി കെ. സുധാകരൻ. ഇനിയും ഏറെ ദുരം പോകാനുണ്ടെന്നും പിണറായി വിജയന്റെ ദുർഭരണത്തിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്ന എന്റെ കടമ അവശേഷിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
രണ്ടാംവട്ടം പ്രതിപക്ഷത്തെത്തിയപ്പോൾ പാർട്ടി തകർന്നു പോകുമെന്ന് എതിരാളികൾ പ്രചരിപ്പിച്ചുവെന്നും എന്നാൽ, പ്രസ്ഥാനത്തിന്റെ ഒരു ശിലപോലും ഇളക്കാൻ തന്റെ കുട്ടികൾ അനുവദിച്ചില്ലെന്നും സുധാകരൻ കുറിച്ചു. എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി ആയിരുന്നിട്ടും പിണറായി വിജയൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ കഴിയാത്തതിൽ തകർന്നുപോയ കോൺഗ്രസ് പ്രവർത്തകരെയാണ് 2021-ൽ പാർട്ടി എൻ്റെ കൈകളിൽ ഏൽപ്പിച്ചുതന്നത്. അവർക്ക് ഊർജ്ജം പകരുവാനും വീര്യം നൽകുവാനും പാർട്ടിയെ ഒരു സമരസംഘടനയായി രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടുകൂടി ഞാൻ പദവി ഒഴിയുകയാണ്.
രണ്ടാംവട്ടം പ്രതിപക്ഷത്തെത്തിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകർന്നു പോകുമെന്നാണ് എതിരാളികൾ പ്രചരിപ്പിച്ചത്. എന്നാൽ, പ്രസ്ഥാനത്തിൻ്റെ ഒരു ശിലപോലും ഇളക്കാൻ എൻ്റെ കുട്ടികൾ അനുവദിച്ചില്ല എന്നത് എനിക്ക് നിങ്ങൾ നൽകിയ സ്നേഹത്തിൻ്റെ അടയാളമായി ഞാൻ കാണുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾകൊണ്ട് നിങ്ങൾ എതിർ പ്രചാരണങ്ങളെ ഇല്ലാതാക്കാൻ പാർട്ടിക്കൊപ്പം നിന്നു.
കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്ത നാൾ മുതൽ പാർട്ടിയെ മുന്നോട്ടു നയിക്കുവാൻ നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന സഹകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. പുതിയ നേതൃത്വത്തിന് എല്ലാ ആശംസകളും നേരുന്നു.
ലക്ഷ്യം നമ്മൾ നേടിയിട്ടില്ല. ഇനിയും ഏറെ ദൂരം പോകുവാനുണ്ട്. കേരളത്തിനെ നശിപ്പിച്ച വിജയൻ്റെ ദുർഭരണത്തിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്ന കടമ ഇവിടെ അവശേഷിക്കുകയാണ്. നിങ്ങൾക്ക് വാക്കു തന്നതുപോലെ, കേരളത്തിന്റെ സകല മേഖലകളെയും മുടിപ്പിച്ച വിജയൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കുവാൻ, ഐക്യ ജനാധിപത്യ മുന്നണിയുടെ ജനകീയ സർക്കാർ ഉണ്ടാകുവാൻ കെ. സുധാകരൻ എന്ന നിങ്ങളുടെ സഹപ്രവർത്തകൻ മുന്നിൽ തന്നെയുണ്ടാകും. നമ്മൾ ഒരുമിച്ച് ലക്ഷ്യം നേടും.
Content Highlights: K. Sudhakaran expresses gratitude after stepping down as KPCC president
Published: 12 May 2025, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented