കോഴിക്കോട്: കേരളത്തിന്റെ ആകാശത്ത് മുപ്പതോളം വിമാനങ്ങള്‍ നിരനിരയായി പറന്നെന്ന് അഭ്യൂഹം. കാഴ്ച കണ്ടവര്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ വിളിച്ചറിയിച്ചു. വിവരം പോലീസിനു കൈമാറിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 5.40ഓടെയാണ് സംഭവം. ആകാശത്ത് വിമാനങ്ങള്‍ നിരനിരയായി പറക്കുന്നത് കണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍ വന്നത്. ഏകദേശം മുപ്പതോളം വിമാനങ്ങളുണ്ടായിരുന്നെന്നും അറിയിപ്പ് കിട്ടി. സമാനമായ കാഴ്ച കണ്ടെന്ന് പറഞ്ഞ് പിന്നാലെ തൃശ്ശൂരില്‍നിന്നും ഫോണ്‍ വന്നു. ഉടന്‍ തന്നെ മാതൃഭൂമി പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കാഴ്ച കണ്ടവരിൽനിന്നു പോലീസ് വിവരങ്ങൾ തേടിയത്.
ഇതിനു പിന്നാലെ കേരള എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തില്‍നിന്നും വിവരം സ്ഥിരീകരിക്കാനായി ഫോണ്‍ വിളികള്‍ വന്നു.
5.40ന് എ ആര്‍ ക്യാമ്പ് പരിസരത്തുനിന്ന് ബാബു മണാശ്ശേരിയാണ് വിമാനങ്ങള്‍ എന്ന് തോന്നിക്കുന്നവ വെളിച്ചം മിന്നിച്ചു കൊണ്ട് ആകാശത്തു കൂടെ കടന്നു പോയത് ആദ്യം വിളിച്ചു പറഞ്ഞത്. അധികം താമസിയാതെ തൃശ്ശൂരില്‍ നിന്നും വിളി വന്നു. കേച്ചേരി ആളൂര്‍ റോഡില്‍ രജീഷും സുഹൃത്തുക്കളും വീട്ടിലെ ടെറസ്സിനു മുകളില്‍ വ്യായാമം ചെയ്യുമ്പോഴാണ് ഈ കാഴ്ച കണ്ടത്. പിന്നീട് ആറാട്ടുപുഴയിൽ ബലിതർപ്പണത്തിനു പോയ പ്രദീപും സംഘവും നിരനിരയായി പോകുന്ന വിമാനവ്യൂഹത്തെ കണ്ടതായി വിളിച്ചു പറഞ്ഞു.
അസാധാരണമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിവരങ്ങൾ തിരക്കി രജീഷിന്റെ വീട്ടില്‍ പോലീസെത്തിയിരുന്നു. എയർ ട്രാഫിക് കൺട്രോൾ, വ്യോമസേന, സിയാല്‍, സി ഐ എസ്എഫ്, എയർഫോഴ്സ് എന്നിവയെ കേരള പോലീസ് വിവരമറിയിച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂം അറിയിച്ചു. പോലീസും സമാനമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, അസാധാരണമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് തോന്നിയതാണെന്നും കൊച്ചി എയർപോട്ട് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് യാത്രാവിമാനങ്ങളാണെന്നും വിശദീകരണമുണ്ട്. പുലര്‍കാലത്ത് ഇവിടത്തെ വിമാനത്താവളങ്ങളില്‍നിന്നു പോവുന്നതും ഇറങ്ങുന്നതുമല്ലാതെ കേരള തീരത്തുകൂടി മറ്റ് അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ കൂടി പറക്കുന്നുണ്ട്. ഇന്നു പുലര്‍ച്ചെ ആകാശത്തു മേഘങ്ങള്‍ ഒഴിഞ്ഞു നിന്നതിനാല്‍ ഇതു കുറച്ചു കൂടി വ്യക്തമായി എന്നാണ് വിശദീകരണം.
സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ സ്റ്റാര്‍ ലിങ്ക് സാറ്റലൈറ്റ് വ്യൂഹം കടന്നു പോയതാണെന്നാണ് ചിലരുടെ വാദം. 12,000 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട വ്യൂഹമായാണ് സ്റ്റാര്‍ ലിങ്ക് വിഭാവനം ചെയ്തിട്ടുള്ളത്.. എങ്കിലും ഇതില്‍ 200 ഉപഗ്രഹങ്ങള്‍ മാത്രമേ വിക്ഷേപിക്കപ്പെട്ടിട്ടുള്ളൂ. 290 കിലോ മീറ്റര്‍ അകലെയാണ് സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നത്.
content highlights: speculation about 30 jet flights on the airway of Kerala