കൊച്ചി: ജില്ലയിലെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയതായി കളക്ടർ എസ്.സുഹാസ്. നിലവിൽ ഏഴു രോഗികളുടെ രോഗ ഉറവിടമാണ് കണ്ടെത്താനുള്ളത്. ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയ സിയാൽ കൺവെൻഷൻ സെന്റർ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസസാരിക്കുകയായിരുന്നു അ‌ദ്ദേഹം.

To advertise here,

ഹൃദ്രോഗ ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും കളക്ടർ പറഞ്ഞു. രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇവി​ടത്തെ കാർഡിയാക് ഐസിയുവും പുരുഷൻമാരുടെ വാർഡും ക്വാറ​ന്റീനാക്കിയിരുന്നു. എന്നാൽ, അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കും. ജില്ലയിൽ ശരാശരി 950-1200നും ഇടയിൽ സാമ്പിളുകൾ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.

കളമശേരി മെഡിക്കൽ കോളേജിൽ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളിൽ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ വിമാനത്താവളത്തിൽ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിലും ആന്റിജൻ പരിശോധന ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു ആർടിപിസിആർ ഉപകരണം കൂടി വരും ദിവസങ്ങളിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കും.

ജില്ലയിലെ 12 സർക്കാർ ആശുപത്രികളിൽ ആന്റിജൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ആന്റിജൻ പരിശോധന തുടങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ രോഗസാധ്യത ഉള്ള പ്രദേശങ്ങളിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരുടെയും പരിശോധന വരും ദിവസങ്ങളിൽ നടത്തും. എറണാകുളം മാർക്കറ്റിൽ രോഗസാധ്യത ഉള്ളവരുടെ പരിശോധന പൂർത്തിയാക്കി. ചെല്ലാനം, ആലുവ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ കർശനമായ അടച്ചിടൽ നടപ്പാക്കും.

ജില്ലയിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിന്റെ ഭാഗമായി 'ബി ദി ചെയിൻ ബ്രേക്കർ' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ക്യാമ്പയിൻ നടത്തും. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രവുമായോ ടെലിമെഡിസിൻ സംവിധാനവുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം.

ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയ സിയാൽ കൺവെൻഷൻ സെന്റർ പൂർണ സജ്ജമായിട്ടുണ്ട്. അഡ്ലക്സ് കേന്ദ്രത്തിൽ നിലവിൽ 130 പേരാണ് ചികിത്സയിൽ ഉള്ളത്. അവിടെ 200 രോഗികൾ ആകുമ്പോൾ സിയാൽ സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും കളക്ടർ പറഞ്ഞു.