
പാലക്കാട്: ഡോ. പി.സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്ക് മറുപടിയുമായി സരിന്‍റെ ഭാര്യ സൗമ്യ സരിന്‍. ലൈംഗിക ആരോപണത്തെ അപ്പാടെ തളളിയ സൗമ്യ സരിന്‍, ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കണമെന്നും അതിന് തന്റെ പിന്തുണയുണ്ടാകുമെന്നും സൗമ്യ സരിന്‍ കുറിപ്പില്‍ പറഞ്ഞു.
കുറഞ്ഞത് സരിന്‍ പാര്‍ട്ടി മാറിയ സമയത്തെങ്കിലും ഇത് തുറന്നുപറയണമായിരുന്നെന്നും നിങ്ങളെ ഒക്കെ ചതിച്ചു മറ്റൊരു പാര്‍ട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താന്‍ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ എന്നും സൗമ്യ സരിന്‍ കുറിപ്പിലൂടെ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തലിന് എതിരായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും കടന്നാക്രമിച്ച് മുന്‍നിരയില്‍ ഡോ. പി.സരിന്‍ രംഗത്തുണ്ടായിരുന്നു. ചേച്ചിയുടെ പാര്‍ട്ടിയിലെ ഒരുയുവനേതാവ് ലൈംഗികാരോപണ കേസില്‍ കുടുങ്ങിയപ്പോഴെങ്കിലും ഇത് തുറന്നുപറയേണ്ടതായിരുന്നെന്നും സൗമ്യ സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തന്റെ പേജില്‍ വന്ന് സ്ഥിരമായി തോന്നിവാസം പറയുന്നവര്‍ക്ക് ഒരു മറുപടി പോസ്റ്റിടുകയും അത് എല്ലാ ചാനലുകളും വാര്‍ത്ത ആക്കിയപ്പോഴാണ് ചേച്ചിക്ക് ഇതൊക്കെ തുറന്നുപറയാന്‍ തോന്നിയതെന്നും സൗമ്യ സരിന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട രാഗ രഞ്ജിനി ചേച്ചി...
ചേച്ചിയുടെ പോസ്റ്റ് വായിച്ചു. എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി. കുറഞ്ഞത് സരിൻ പാർട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. അതല്ലേ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള ഒരു പെർഫെക്റ്റ് ടൈമിംഗ്! നിങ്ങളെ ഒക്കെ 'ചതിച്ചു' മറ്റൊരു പാർട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താൻ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ?
ഇനി അതും വേണ്ട, വീണ്ടും വന്നല്ലോ അവസരം!
ചേച്ചിയുടെ പാർട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസിൽ കുടുങ്ങിയപ്പോഴെങ്കിലും എന്റെ ഭർത്താവിന്റെ യഥാർത്ഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു. കാരണം ചേച്ചിയുടെ പാർട്ടിയിലെ യുവനേതാവിന്റെ ആ കുല്സിത പ്രവർത്തിക്കെതിരെ ശബ്ദിച്ചവരിൽ മുൻപന്തിയിൽ എന്റെ ഭർത്താവും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നില്ലേ? എന്റെ ഭർത്താവ് പെട്ടു പോയിരുന്നില്ലേ? രണ്ടാമത്തെ പെർഫെക്ട് ടൈമിങ്ങും ചേച്ചി മിസ് ചെയ്തു!
പിന്നെ പോസ്റ്റ് ഇട്ടത് എപ്പോഴാ?
എന്റെ പേജിൽ വന്നു സ്ഥിരമായി തോന്നിവാസം പറയുന്നവർക്ക് മറുപടി ആയി ഞാനൊരു പോസ്റ്റ് ഇട്ടപ്പോൾ, അത് എല്ലാ ചാനലുകളും വാർത്ത ആക്കിയപ്പോൾ, അത് കണ്ട് ആരുടെയൊക്കെയോ ആസനം പൊള്ളിയപ്പോൾ ആണ് ചേച്ചിക്ക് ഇതൊക്കെ തുറന്നു പറയാൻ തോന്നിയത്.
അതിനേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് വേറൊരു കാര്യം കണ്ടപ്പോൾ ആണ്.. ചേച്ചിയുടെ പാർട്ടിയിലെ സ്ത്രീ പീഡക നേതാവിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് മുമ്പ് ചേച്ചി പോസ്റ്റ് ഇട്ടിരിക്കുന്നു! അത് മോശമായി പോയി ചേച്ചി. ഒന്നുമില്ലെങ്കിലും നമ്മൾ ഓക്കെ പെണ്ണുങ്ങൾ അല്ലേ.
പക്ഷെ അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ ടൈമിംഗ് ൻറെ ഗുട്ടൻസ്! ചേച്ചിയുടെ പ്രിയ പീഡന നേതാവിനെ പുച്ഛിച്ചത് ചേച്ചിക്ക് സ്വാഭാവികമായും ഇഷ്ടപ്പെട്ടു കാണില്ലാ. അപ്പൊ ടൈമിംഗ് ൻറെ സംശയം എനിക്ക് മാറിക്കിട്ടി!
അതും ചേച്ചി ആദ്യം ഒരു പോസ്റ്റിട്ടു. അത് ഡിലീറ്റ് ചെയ്തു. പിന്നെയും വേറൊരു പ്രൊഫൈലിൽ നിന്നും അതെ പോസ്റ്റ് ഒരു ദിവസം കഴിഞ്ഞു വീണ്ടുമിട്ടു. അത് ചേച്ചിയുടെ പ്രൊഫൈൽ ആണോ എന്ന് പോലും എനിക്ക് അറിയില്ല കേട്ടോ. ചേച്ചിയുടെ സുഹൃത്തുക്കൾ വരെ പോസ്റ്റിനു താഴെ ആ പ്രൊഫൈൽ ചേച്ചിയുടെ തന്നെ ആണോ എന്ന് സംശയം പ്രകടിപ്പിച്ചത് കണ്ടത് കൊണ്ട് പറഞ്ഞതാണെ. എന്തായാലും പേര് ചേച്ചിയുടെ ആയത് കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ചേച്ചിക്ക് വേണ്ടി ഷെയർ ചെയ്യുന്നത്.
പോട്ടെ... എന്ത് തന്നെയായാലും ഞാൻ ചേച്ചിയുടെ കൂടെയുണ്ട്. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മൾ നിയമപരമായി തന്നെ മുന്നോട്ട് പോകണം. അതിന് ഞാൻ ചേച്ചിയുടെ കൂടെ ഉണ്ടാകും. ചേച്ചി ഏറ്റവും അടുത്തുള്ള പോലിസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ സെപ്റ്റംബർ 6 നു ഷാർജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടിൽ ഉണ്ട്. പരാതി കൊടുക്കാൻ എന്തെങ്കിലും സഹായം എന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്. ഷാർജയിലേക്ക് പോയാലും അവിടെ ഇരുന്നും ഞാൻ എന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
അപ്പോൾ കാര്യങ്ങൾ അറിയിക്കുക.
ഞാൻ ഇവിടെ തന്നെയുണ്ട്!
എന്റെ ഭർത്താവ് Dr. പി സരിനും...
ഞങ്ങൾ ഇവിടെ തന്നെയുണ്ട്
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഡോ.പി.സരിന് എതിരെ രാഗ രഞ്ജിനി ആരോപണം ഉന്നയിച്ചത്. സരിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായെന്നും ആ വ്യക്തിയെ അത്ര ബഹുമാനിക്കുന്നതുകൊണ്ടാണ് പറയാതിരുന്നതെന്നും രാഗ രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമരാഗ്നിക്ക് കാസര്‍കോട് പോയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്നും അന്ന് രാത്രി അവിടെ സ്റ്റേ ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നെന്നും രാഗ രഞ്ജിനി പറഞ്ഞു.
പോസ്റ്റ് വലിയതോതില്‍ പ്രചരിച്ചതിന് പിന്നാലെ രാഗരഞ്ജിനി അത് ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കുകയും തുടര്‍ന്ന് വിശദീകരണ പോസ്റ്റിടുകയും ചെയ്തു. 'സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാന്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോള്‍ മറ്റുള്ളവരെ കാര്യം ആലോചിക്കുക. ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് എനിക്ക് മാനസികമായി കുടുംബത്തില്‍ നിന്നും ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല', വിശദീകരണ പോസ്റ്റില്‍ രാഗ രഞ്ജിനി പറഞ്ഞു.
Content Highlights: soumya sarin against sex allegations against dr p sarin
Published: 03 Sept 2025, 09:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented