
തിരുവനന്തപുരം: സ്മാർട് സിറ്റി കരാറിൽനിന്ന് ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനമെടുത്തത് സി.പി.എമ്മിലോ എൽ.ഡി.എഫിലോ ചർച്ചചെയ്യാതെ. നയപരമായ വിഷയങ്ങളിൽ മുന്നണിയുടെയും രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങളിൽ സി.പി.എമ്മിന്റെയും ‘പൊളിറ്റിക്കൽ ക്ലിയറൻസ്’ നേടിയാണ് ഇടതുസർക്കാർ തീരുമാനമെടുക്കാറുള്ളത്.
എന്നാൽ, സ്മാർട് സിറ്റി കാര്യത്തിൽ ഇപ്പോൾ സർക്കാർ സ്വീകരിക്കുന്ന നടപടികളൊന്നും സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിൽപ്പോലും ചർച്ചചെയ്തിട്ടില്ല. ഇത് നയപരമായ ഒരു തീരുമാനമാണെന്നും അത് മുന്നണിയിൽ അറിയിച്ചിട്ടില്ലെന്നുമുള്ള പരാതി എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കുമുണ്ട്.
ടീകോമിന് നഷ്ടപരിഹാരം നൽകി കരാറിൽനിന്ന് ഒഴിവാക്കാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനുശേഷം വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നിരുന്നു. ഇതിലും സ്മാർട് സിറ്റി വിഷയം ചർച്ച ചെയ്തില്ല. മുഖ്യമന്ത്രി, വ്യവസായമന്ത്രി പി. രാജീവ് എന്നിവർ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായിരുന്നില്ലെന്നതാണ് ഇതിനു കാരണമായി നേതാക്കൾ പറയുന്നത്.
സ്മാർട് സിറ്റി കരാറിന്റെ കാര്യത്തിൽ ഭരണപരമായ നടപടിമാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇത് പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതല്ലെന്നും സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന നേതാക്കൾ അനൗദ്യോഗികമായി വിശദീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നയപരമായ ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നാണ് സി.പി.ഐ.യുടെ നിലപാട്.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാവി, ടീകോമിനെ ഒഴിവാക്കുമ്പോൾ സ്വീകരിക്കേണ്ട സമീപനം, പദ്ധതി തുടരുന്നതിന് പുതിയ കമ്പനികളെ കണ്ടെത്തേണ്ടതുണ്ടോ, എന്നകാര്യങ്ങളിലെല്ലാം നയപരമായി തീരുമാനിക്കേണ്ടതുണ്ടെന്ന് ഘടകകക്ഷി നേതാക്കൾ പറയുന്നു. പ്രത്യേക സാമ്പത്തിക മേഖല(സെസ്)യാണ് സ്മാർട് സിറ്റി. നിലവിൽ ലുലു ഐ.ടി. ഇൻഫ്രാ ബിൽഡിന്റെ ഇരട്ട ടവറടക്കം ആറ് കമ്പനികളുടെ സമുച്ചയങ്ങൾ ഇവിടെ ഉയരുന്നുണ്ട്. സെസ് എന്ന നിലയ്ക്കാണ് ഇവിടെ കമ്പനികൾക്ക് കെട്ടിടം അനുവദിച്ചിരിക്കുന്നത്. സെസ് പദവിയുള്ള മേഖലകളിൽ പദ്ധതിയുടെ ഘടനയിലടക്കം മാറ്റംവരുത്തണമെങ്കിൽ കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതി വേണം. സെസിൽ ഉൾപ്പെട്ട സ്ഥലം പാട്ടത്തിനല്ലാതെ, കൈമാറ്റംചെയ്യാൻ സർക്കാരിന് കഴിയില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിയുടെ നയപരമായ തീരുമാനംകൂടി ഉണ്ടാകേണ്ടതുണ്ടെന്ന് ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയതിനുശേഷം സി.പി.ഐ. നേതൃയോഗം ചേരും. ഇതിനു ശേഷമായിരിക്കും സി.പി.ഐ.നിലപാട് സ്വീകരിക്കുക.
Content Highlights: smart city kochi-Contract withdrawal without discussion in the party and the LDF
Published: 08 Dec 2024, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented