ഒരുമനയൂർ: ഒപ്പം കളിക്കുന്നതിനിടെ തോട്ടിൽ കാൽവഴുതിവീണ ആറു വയസ്സുകാരനെ കൈപിടിച്ചുരക്ഷിച്ച എൽ.പി. സ്കൂൾ വിദ്യാർഥികൾ നാടിന്റെ കണ്ണിലുണ്ണികളായി. ഒരുമനയൂർ ഐ.ഡി.സി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിയാനെയാണ് ഒരുമനയൂർ മാങ്ങോട്ട് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി സായ്‌കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥി ആദർശ് വിനോദും രക്ഷിച്ചത്. കഴിഞ്ഞ ദിവസം ഒരുമനയൂർ വില്ലേജ് ഓഫീസിനടുത്താണ് സംഭവം.

To advertise here,

വില്ലേജ് ഓഫീസിനു സമീപം പുതുവീട്ടിൽ നൗഷാദ്-ഷജീന ദമ്പതിമാരുടെ മകനാണ് മുഹമ്മദ് റിയാൻ. ഷജീന കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കൂടെപ്പോയതായിരുന്നു റിയാൻ. അമ്മമാരുടെ കൂടെ വന്ന സായ്‌കൃഷ്ണയ്ക്കും ആദർശ് വിനോദിനുമൊപ്പം സമീപത്തെ തോട്ടുവക്കിൽ കളിക്കുന്നതിനിടെ റിയാൻ തോട്ടിൽ വീഴുകയായിരുന്നു.

തോടിന്റെ ചീർപ്പിന്റെ സ്ലാബിനു മുകളിലായിരുന്നു കുട്ടികളുടെ കളി. . തോട്ടിലെ വെള്ളത്തിൽ വീണ മുഹമ്മദ് റിയാന്റെ കൈയിൽ സായ്‌കൃഷ്ണ പിടുത്തമിട്ടു. ആദർശ് ഉടനെ ക്ലബ്ബിലേക്ക് ഓടി യുവാക്കളെ വിവരമറിയിച്ചു. യുവാക്കൾ ഓടിയെത്തുമ്പോഴേക്കും റിയാനെ സായ്‌കൃഷ്ണ കരയ്ക്കുകയറ്റിയിരുന്നു. മുല്ലപ്പള്ളി വീട്ടിൽ മനേഷ്-രേഷ്മ ദമ്പതിമാരുടെ മകനാണ് സായ്‌കൃഷ്ണ. മാളിയേക്കൽ വിനോദ്-വിജിത ദമ്പതിമാരുടെ മകനാണ് ആദർശ്.

ഇരുവരെയും മാങ്ങോട്ട് എ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പ്രധാനാധ്യാപിക ഷിനി ഫ്ലവർ, പി.ടി.എ. പ്രസിഡന്റ് കെ.വി. അബ്ദുൽറസാഖ്, വൈസ് പ്രസിഡന്റ് നിഷാദ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.