തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഭിമുഖം പി.ആര്‍. ഏജന്‍സി ഒരുക്കിയതെന്ന വെളിപ്പെടുത്തലില്‍ രണ്ടാംദിവസവും സി.പി.എമ്മും സര്‍ക്കാരും മൗനത്തില്‍. രാഷ്ട്രീയവിവാദവും പ്രതിപക്ഷ ആരോപണവും കത്തിപ്പടരവേ, ബുധനാഴ്ച രണ്ടു പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തെങ്കിലും പി.ആര്‍. അഭിമുഖത്തെക്കുറിച്ച് മിണ്ടിയില്ല.
ഇംഗ്ലീഷ് മാധ്യമങ്ങളുമായി മുഖ്യമന്ത്രിക്കുവേണ്ടി അഭിമുഖം ഏര്‍പ്പാടുചെയ്ത 'കൈസണ്‍' എന്ന പി.ആര്‍. സ്ഥാപനത്തില്‍ 'മാവെന്‍' എന്ന കമ്പനി വഴി റിലയന്‍സിന് 76 ശതമാനം ഓഹരിപ്പങ്കാളിത്തമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി കേരളഹൗസില്‍ അഭിമുഖം നടക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ടി.ഡി. സുബ്രഹ്‌മണ്യനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സി.പി.എം. മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാറിന്റെ മകനാണ് മുന്‍ എസ്.എഫ്.ഐ. നേതാവായ സുബ്രഹ്‌മണ്യന്‍. സി.പി.എം. ദേശീയനേതൃത്വത്തിലുള്ളവരുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായും ബന്ധമുണ്ട്. അതുവഴി, മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പി.ആര്‍. ദൗത്യത്തിന് സുബ്രഹ്‌മണ്യനെ ചുമതലപ്പെടുത്തുകയായിരുന്നു. കൈസണ്‍ കമ്പനി സി.ഇ.ഒ. വിനീത് ഹണ്ടയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍.
ഇതുസംബന്ധിച്ച് സി.പി.എം. സംസ്ഥാന നേതൃത്വമോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമീപകാലത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട കുറിപ്പ് അഭിമുഖത്തിനുമുന്‍പ് മുഖ്യമന്ത്രിയുടെ ഓഫീസ് പി.ആര്‍. ഏജന്‍സിക്കു കൈമാറിയിരുന്നു. കേരളത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍കൂടി അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സുബ്രഹ്‌മണ്യന്‍ ഹിന്ദു റിപ്പോര്‍ട്ടറോട് അഭ്യര്‍ഥിച്ചു എന്നാണ് അറിയുന്നത്. ഇപ്പോള്‍ വിവാദമായ ഭാഗം എഴുതിനല്‍കി. നേരത്തേ പത്രസമ്മേളനത്തില്‍ പറഞ്ഞതാണെന്ന ധാരണയില്‍ പത്രം ഇത് ഉള്‍പ്പെടുത്തി. അതു വിവാദമായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മലക്കംമറിച്ചില്‍.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂട്ടാന്‍ പി.ആര്‍. ഏജന്‍സിയുടെ സഹായമുണ്ടെന്ന് കോവിഡ്കാലംമുതലുള്ള പ്രതിപക്ഷ ആരോപണമാണ്.
മലപ്പുറം പരാമര്‍ശത്തിന്റെ പേരില്‍ അഭിമുഖം വിവാദമായപ്പോള്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ അത് പിന്‍വലിപ്പിക്കാനായിരുന്നു ആദ്യശ്രമം. വഴങ്ങാതിരുന്നതിനാല്‍, അഭിമുഖം തെറ്റാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രസ് സെക്രട്ടറി പത്രാധിപര്‍ക്ക് കത്തുനല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അത് മാധ്യമങ്ങള്‍ക്കു കൈമാറി. തൊട്ടുപിന്നാലെ, അഭിമുഖത്തിന് ഏജന്‍സിയുടെ ഇടപെടല്‍ വ്യക്തമാക്കി ദ ഹിന്ദു രംഗത്തുവന്നു.
ഇടനില വഹിച്ച സുബ്രഹ്‌മണ്യന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഇടനില വഹിച്ച റിലയന്‍സ് പ്രതിനിധി ടി.ഡി. സുബ്രഹ്‌മണ്യന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധം. ഹരിപ്പാട് മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാറിന്റെ മകനാണ് സുബുദേവ് എന്നുവിളിക്കപ്പെടുന്ന സുബ്രഹ്‌മണ്യന്‍. ദേശീയനേതൃത്വത്തിലുള്ള സി.പി.എം. നേതാക്കളുമായി ഉള്‍പ്പെടെ ഇയാള്‍ക്കുള്ള അടുപ്പമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കുവേണ്ടി പി.ആര്‍. ദൗത്യം ഏല്‍പ്പിക്കുന്നതുവരെ എത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ഏറെ സൗഹൃദമുള്ളയാളാണ് മുന്‍ എസ്.എഫ്.ഐ. നേതാവ് കൂടിയായ സുബു. അതുവഴി, മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പി.ആര്‍. ദൗത്യത്തിന് സുബുവിനെ ചുമതലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ സുബുവിന്റെ സഹായം സി.പി.എമ്മിനു ലഭിച്ചിരുന്നു. സുബു മുന്‍കൈയെടുത്തുതന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി അഭിമുഖങ്ങള്‍ സംഘടിപ്പിക്കാന്‍ കൈസണ്‍ രംഗത്തിറങ്ങുന്നത്.
നാല് ഇംഗ്ലീഷ് ദിനപത്രങ്ങളിലെ ലേഖകരെ അഭിമുഖത്തിനായി ക്ഷണിച്ചു. 'ദ ഹിന്ദു' റിപ്പോര്‍ട്ടര്‍ക്ക് സെപ്റ്റംബര്‍ 29-ന് രാവിലെ അരമണിക്കൂര്‍ കേരളഹൗസില്‍വെച്ച് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ലഭിക്കാത്തവര്‍ക്ക് കേരളത്തിലെത്തി അഭിമുഖത്തിന് അവസരമൊരുക്കാമെന്നും വാഗ്ദാനം നല്‍കി. ഇതിനെല്ലാം ഇടനിലക്കാരനായിരുന്നു ടി.ഡി. സുബ്രഹ്‌മണ്യന്‍. ൈതിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐ പാക്കിന്റെ സ്ട്രാറ്റജി റിസര്‍ച്ച് ടീം മേധാവിയായി പ്രവര്‍ത്തിച്ചു. അരവിന്ദ് കെജ് രിവാള്‍, മമതാ ബാനര്‍ജി, ജഗന്‍മോഹന്‍ റെഡ്ഢി തുടങ്ങിയ നേതാക്കള്‍ക്കുവേണ്ടിയൊക്കെ പ്രവര്‍ത്തിച്ചു. പിന്നീട് റിലയന്‍സിലേക്കുമാറി. സെക്കന്തരാബാദില്‍ ഇഫ്ളു (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി) വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു.
Content Highlights: Silence continues on PR agency allegations-cm pinarayi vijayan
Published: 03 Oct 2024, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented