മലക്കപ്പാറ: തമിഴ്നാട് ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി ആക്രമിച്ചുകൊലപ്പെടുത്തി. അണക്കെട്ടിന് സമീപം സാന്തിയ കോളനിയിൽ താമസിക്കുന്ന ഇന്നസെമ്മ(75) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഇന്നസെമ്മയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

To advertise here,

ജോലി കഴിഞ്ഞ് മകൻ വീട്ടിലെത്തിയപ്പോഴാണ് ഇന്നസെമ്മയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ കാനയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. പുലി പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.

കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള തോട്ടം മേഖലയിലാണ് സംഭവം നടന്നത്. പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.