തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അക്കാര്യത്തിലല്ല ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പിന്നെ ആവശ്യപ്പെടാം. വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മൾ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇസ്രയേലിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസിയുള്ള ഇസ്രയേലിൽ രണ്ട് വർഷം മുമ്പ് ഒരു ഒക്ടോബർ ഏഴിന് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് നമ്മുടെ മുമ്പിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിക്കുന്നത് വരെ അവർ ഉത്തരവാദിത്വത്തെക്കുറിച്ച് യാതൊരു ആവശ്യവുമുന്നയിച്ചില്ല. അതുപോലെ നമ്മളും ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടേണ്ടതുണ്ട്. സർക്കാരിൽനിന്ന് ഉത്തരവാദിത്വം പിന്നീട് ആവശ്യപ്പെടാമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ വീഴ്ചയെപ്പറ്റിയുള്ള വിമർശനങ്ങൾ കോൺഗ്രസിന്റേയും പ്രതിപക്ഷ പാർട്ടികളുടേയും ഭാഗത്ത് നിന്ന് ഉയരുന്നതിനിടെയാണ് ശശി തരൂരിന്റെ പരാമർശമുണ്ടാകുന്നത്.
Content Highlights: Shashi Tharoor On Pahalgam Terror Attack
Published: 27 Apr 2025, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented