
സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ജിഫ്രി മുത്തുക്കോയ തങ്ങൾ | Photo: Mathrubhumi
കുണിയ (കാസർകോട്): കുണിയയിൽ സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കം. മൂന്നുദിവസത്തെ പ്രതിനിധി ക്യാമ്പിൽ 33,313 പേർ മുഴുവൻസമയവും പങ്കെടുക്കും. ഇതോടെ ഏറ്റവും കൂടുതലാളുകൾ താമസിച്ച് പങ്കെടുക്കുന്ന ക്യാമ്പെന്ന ഗിന്നസ് റെക്കോഡ് ഇത് നേടും. ഗ്ലോബൽ എക്സ്‌പോ, ഗ്ലോബൽ ഉലമാ കോൺക്ലേവ്, നാഷണൽ എജ്യു കോൺക്ലേവ്, പൊതുസമ്മേളനം തുടങ്ങിയവ അഞ്ച് സ്ഥലങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് നടക്കുക.
രണ്ടിന് വൈകിട്ട് നാലിന് കോഴിക്കോട് വരക്കൽ മഖാമിൽ സിയാറത്തിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് കൊണ്ടുവരുന്ന പതാകകൾ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ഏറ്റുവാങ്ങും. മൂന്നിന് വരക്കലിൽനിന്ന് പതാകകൾ കാസർകോട് തളങ്കര മാലിക് ദീനാർ മഖാമിലേക്ക് എത്തിക്കും. വൈകിട്ട് അഞ്ചിന് പതാകാവാഹക യാത്രയ്ക്ക് തളങ്കര മാലിക് ദീനാർ മഖാമിൽ സ്വീകരണവും സിയാറത്തും നടക്കും.
നാലിന് 2.30-ന് തളങ്കരയിൽനിന്ന് സമ്മേളന നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വൊളന്റിയർ റൂട്ട് മാർച്ചും നടക്കും. തുടർന്ന് സമ്മേളനനഗരിയിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷകസംഘടനാ നേതാക്കളും ചേർന്ന് 99 പതാകകളും ഉയർത്തും.
വൈകിട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ശതാബ്ദിസ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.
അഞ്ചിന് േവദി ഒന്നിൽ 10,000 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പും ഉച്ചകഴിഞ്ഞ് വേദി രണ്ടിൽ നേതൃസംഗമവും നടക്കും. വൈകിട്ട് നടക്കുന്ന ആത്മീയസംഗമം പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചയ്ക്ക് 2.30-ന് ജൻസി അസംബ്ലി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മീഡിയ സെമിനാറും ഒൻപതിന് കാമ്പസ് കോൺക്ലേവും നടക്കും.
ആദർശം, വിശുദ്ധി, നൂറ്റാണ്ടുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠനവിഷയങ്ങൾ ഉൾക്കൊള്ളിച്ച് നടത്തുന്ന 33,313 പേർ പങ്കെടുക്കുന്ന പഠനക്യാമ്പ് ആറിന് വൈകിട്ട് നാലിന് തുടങ്ങും. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയിൽ ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും.
ഏഴിന് രാവിലെ 10-ന് വേദി രണ്ടിൽ കൾച്ചറൽ മീറ്റ് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ സെമിനാറും രാത്രി ഏഴിന് മൈത്രി സംഗമവും നടക്കും. മൈത്രി സംഗമം മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയാകും. വേദി മൂന്നിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ നാഷണൽ എജ്യു കോൺക്ലേവും രാത്രി ഏഴിന് വെൽ വിഷേഴ്‌സും നടക്കും.
എട്ടിന് രാവിലെ 11.30-ന് സനാഈ ബിരുദദാനവും ഒരുമണിക്ക് ക്യാമ്പ് സമാപനസംഗമവും നടക്കും. അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്യും. വേദി രണ്ടിൽ രാവിലെ 8.30-ന് പ്രവാസി സംഗമം, വേദി മൂന്നിൽ രാവിലെ ഒൻപതിന് ഗ്ലോബൽ ഉലമ സമ്മിറ്റും നടക്കും.
പൊതുസമ്മേളനത്തിന് ജനലക്ഷങ്ങൾ; മുഖ്യമന്ത്രിമാർ പങ്കെടുക്കും
എട്ടിന് വൈകിട്ട് നാലിന് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ദേശീയപാതയോരത്ത് കുണിയയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഈജിപ്ത് അൽ അസ്ഹർ സർവകലാശാല റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ പ്രാർഥന നടത്തും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ശതാബ്ദിസന്ദേശം നൽകും. സമസ്ത സെന്റിനറി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് സമ്മാനിക്കും.
മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എ.സിദ്ധരാമയ്യ, എം.കെ.സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡിവലപ്മെന്റ് അതോറിറ്റി ചെയർമാൻ എൻ.എ.ഹാരിസ് എന്നിവർ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാരം സമ്മാനിക്കും.
Published: 29 Jan 2026, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented