തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലക്കള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്, പ്രതിപക്ഷനേതാവ് പറഞ്ഞു.

To advertise here,

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചത്. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നും നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാന്‍ നിലവിലെ ബോര്‍ഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്. ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.