ശബരിമല: ശബരിമലയിൽ അരവണക്ഷാമം രൂക്ഷമായതോടെ അത് ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്. ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനിമുതൽ നൽകൂ. ഭക്തരുടെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാൻ കഴിയാത്തതിനാൽ ദിവസങ്ങൾക്ക് മുൻപ് ഒരാൾക്ക് 20 ടിൻ എന്ന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

To advertise here,

ഉത്‌പാദനത്തേക്കാൾ കൂടുതൽ നൽകേണ്ടിവന്നതോടെയാണ് 20 എന്നത് ഇപ്പോൾ 10 ആക്കിയത്. ദേവസ്വംബോർഡിന്റെ വരവിൽ പ്രധാനവിഹിതം അരവണയിൽനിന്നാണ്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ സീസണിൽ 50 മുതൽ 60 കോടിയുടെവരെ വരവ് ദേവസ്വം ബോർഡിന് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ഇത്തവണ ആദ്യ 15 ദിവസം ലഭിച്ച 92 കോടി വരവിൽ 47 കോടിയും അരവണ നൽകിയതിലൂടെ ആയിരുന്നു. കഴിഞ്ഞവർഷം ആദ്യ 15 ദിവസത്തിൽ 32 കോടി രൂപയുടെ അരവണയാണ് നൽകിയത്.

കഴിഞ്ഞവർഷം ദിവസവും ശരാശരി 3.5 ലക്ഷം ടിൻ അരവണയാണ് നൽകിയിരുന്നത്. ഇത്തവണ അത് 4.5 ലക്ഷം ടിൻവരെയായി ഉയർന്നു. എന്നാൽ നിത്യേനയുള്ള ഉത്‌പാദനം കൂട്ടാൻ കഴിയാത്ത സാഹചര്യമാണ്.

2024-ൽ നടതുറക്കുമ്പോൾ 38 ലക്ഷം ടിൻ അരവണ കരുതൽശേഖരമുണ്ടായിരുന്നു. ഇത്തവണ 48 ലക്ഷം ടിൻ കരുതൽശേഖരം തയ്യാറാക്കിയതാണ്.

ദിവസേന 2.6 ലക്ഷം ടിൻ അരവണ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണ് ഉള്ളത്. പരമാവധിശേഷിയിൽ പ്രവർത്തിപ്പിച്ച് 2.90 ലക്ഷം ടിൻവരെ തയ്യാറാക്കുന്നുണ്ട്. അരവണ പ്ലാന്റിന്റെ ശേഷി കൂട്ടാനുള്ള നടപടികൾ കഴിഞ്ഞവർഷം മുതൽ തുടങ്ങിയിരുന്നു. ഇതിനായുള്ള നിർമാണവും ആരംഭിച്ചു. ബോയിലർ, കൂളർ തുടങ്ങിയ ഉപകരണങ്ങൾ സ്ഥാപിക്കാനായി 2.20 കോടിയുടെ ടെൻഡർ നടപടികളും ആരംഭിച്ചു. എന്നാൽ, ഈ നിർമാണത്തിന് കോടതിയുടെ അനുമതി കിട്ടിയിട്ടില്ല.