കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതികളുമായി സംഘപരിവാര്‍. സിപിഎം സ്വാധീനമുറപ്പിച്ച കുടുബശ്രീക്ക് ബദലായി ബിജെപി-ആര്‍എസ്എസ് മുന്നോട്ടുവെച്ച അക്ഷയശ്രീയിലൂടെ ന്യൂനപക്ഷവിഭാഗത്തിന്റെ സഹകരണവും വോട്ടുമാണ് സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യമിടുന്നത്. അക്ഷയശ്രീയുടെ തുടര്‍ച്ചയായി സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും വിപുലമാക്കുന്നു.

To advertise here,

ശബരിമല വിഷയം, ലൗ ജിഹാദ്, സാമുദായിക മുതലെടുപ്പുകള്‍ തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് പലതന്ത്രങ്ങളും പയറ്റിയിരുന്നെങ്കിലും കയ്യിലുണ്ടായിരുന്ന സീറ്റ് പോലും ബിജെപിക്ക് നിലനിര്‍ത്താനായിരുന്നില്ല. 35 സീറ്റില്‍ വിജയിച്ച് ഭരണം നേടുമെന്നാണ് സംസ്ഥാന നേതാക്കളെല്ലാം തിരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിച്ചത്. 2016ല്‍ നേമം നേടിക്കൊണ്ട് കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് അത്രയേറെയായിരുന്നു ആത്മവിശ്വാസം. എന്നാല്‍ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു. നേമവും കൈവിട്ട് ബിജെപി തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാതെ ഒരു വിജയവും നേടാനാവില്ലെന്ന് അതോടെ ബിജെപി തിരിച്ചറിഞ്ഞു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും വോട്ട് വിഭജനവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായതെന്നാണ് ബിജെപി വിവിധ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ വിലയിരുത്തിയത്. 

കേരളം നേടണമെങ്കില്‍ അടിത്തട്ട് മുതല്‍ തുടങ്ങണമെന്ന തിരിച്ചറിവ് അപ്പോഴാണ് ബിജെപി ക്യാമ്പിലുയര്‍ന്നത്. കുടുംബശ്രീ യൂണിറ്റുകളിലൂടെ അടിത്തട്ടില്‍ ശക്തമായ പാര്‍ട്ടി അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ സിപിഎമ്മിന്റെ വിജയഗാഥ സംസ്ഥാന ബിജെപി-ആര്‍എസ്എസ് വിഭാഗങ്ങള്‍ക്ക് പ്രചോദനമായി. 1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായി ആരംഭിച്ച കുടുംബശ്രീ ക്രമേണ സിപിഎമ്മിന്റെ ശക്തമായ പ്രവര്‍ത്തന കേന്ദ്രമായി മാറുകയായിരുന്നു. 

കുടുംബശ്രീയില്‍ ചേര്‍ന്ന ആയിരക്കണക്കിന് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ക്രമേണ സിപിഎമ്മിന്റെ കടുത്ത അനുഭാവികളായി മാറി. വാസ്തവത്തില്‍ ബിജെപിയുടെ കണ്ണുതുറപ്പിക്കുന്നായിരുന്നു ഈ മാറ്റം. ബിജെപി പ്രവര്‍ത്തകരെ ചോര്‍ത്തിയെടുത്ത അതേരീതിയില്‍ സിപിഎമ്മിന് മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അക്ഷയശ്രീ സംഘങ്ങള്‍ക്ക് രൂപംനല്‍കിയതെന്നാണ് ബിജെപി നേതാക്കളിലൊരാള്‍ മാതൃഭൂമിയോട് പ്രതികരിച്ചത്. 

ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ വേരുറപ്പിക്കാന്‍ ഉത്തരേന്ത്യന്‍ മാതൃക മതിയാകില്ലെന്ന വ്യക്തമായ തിരിച്ചറിവ് സംഘപരിവാറിനുണ്ട്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാമൂഹിക ഘടനയാണ് കേരളത്തിലുള്ളതെന്ന തിരിച്ചറിവിലാണ് നൂതനപദ്ധതികളുമായി ബിജെപിയും ആര്‍എസ്എസും രംഗത്തെത്തിയത്. ഒരുപക്ഷെ രാജ്യത്ത് എവിടേയും ബിജെപിയോ ആര്‍എസ്എസ്സോ പരീക്ഷിക്കാത്ത ഒരു ശൈലിയാവാം ഇത്. സ്വയം സഹായ സംഘങ്ങളിലൂടെ പാര്‍ട്ടിയെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കുക എന്ന ശൈലി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്നതും ഉറച്ച വോട്ടുബാങ്ക് രൂപപ്പെടുത്തുന്നതുമായേക്കാം. 

എന്താണ് അക്ഷയശ്രീ? എന്താണ് സഹകാര്‍ ഭാരതി? 

ബിജെപിയുടെ ഏറ്റവും വലിയ സഹകരണ ശൃംഖലയായ സഹകാര്‍ ഭാരതിയുടെ ഭാഗമാണ് അക്ഷയശ്രീ. 1978-ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ലക്ഷ്മണറാവു ഇനാംദറും മാധവ് റാവു ഗോഡ്‌ബോലെയും ചേര്‍ന്നാണ് സഹകാര്‍ ഭാരതി ആരംഭിച്ചത്. 2001-ലാണ് കേരളത്തില്‍ സഹകര്‍ ഭാരതി പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ സഹകാര്‍ ഭാരതിക്ക് ആറ് യൂണിറ്റുകള്‍, മഹിളാ സെല്ലുകള്‍, സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി), ഡയറി, ക്ഷീര കര്‍ഷക സെല്‍ എന്നിവയുണ്ട്. ക്രെഡിറ്റ് സെല്‍, മത്സ്യത്തൊഴിലാളി സെല്‍, തൊഴിലാളി സെല്‍ എന്നിവ കൂടിയുണ്ട്. അക്ഷയശ്രീ, ഗ്രാമീണ സമൃദ്ധി സ്റ്റോറുകള്‍ എന്നിവ സ്വയം സഹായ സംഘങ്ങളുടെ കീഴിലാണ് വരുന്നത്. 

സ്വയംസഹായ സംഘങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായി 2010-ല്‍ തൃശ്ശൂരില്‍ അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷന്‍ രൂപവത്കരിച്ചു. 2011ലാണ് സംസ്ഥാനത്ത് ആദ്യമായി അക്ഷയശ്രീ യൂണിറ്റ് രൂപവത്കരിച്ചത്. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് നിലവില്‍ 7800 അക്ഷയശ്രീ യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2024ഓടെ 25,000 യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് അക്ഷയശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളമുള്ള അക്ഷയശ്രീകളില്‍ രണ്ട് ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന് ബന്ധപ്പെട്ട നേതാക്കള്‍ പറയുന്നു. മൊത്തം അംഗങ്ങളില്‍ ആറ് ശതമാനം ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരും 1.25 ലക്ഷം അംഗങ്ങള്‍ സ്ത്രീകളുമാണ്.

placeholder
One among the five Akshayashree units in Padappakkara.
പടപ്പക്കര അക്ഷയശ്രീ യൂണിറ്റിലെ അംഗങ്ങള്‍

അക്ഷയശ്രീ യൂണിറ്റുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍

കൊല്ലം പടപ്പക്കര സ്വദേശി ക്രിസ്തുദാസ് (58) ആണ് തന്റെ പ്രദേശത്തെ അക്ഷയശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവിടെയുള്ള അഞ്ച് അക്ഷയശ്രീ യൂണിറ്റുകളും ക്രിസ്ത്യാനികള്‍ മാത്രമാണ് നടത്തുന്നത്. 75ഓളം ക്രിസ്ത്യന്‍ അംഗങ്ങളാണ് യൂണിറ്റുകളിലുള്ളത്. കൊല്ലം കൂട്ടിക്കടയിലുള്ള മറ്റൊരു അക്ഷയശ്രീ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ് നടത്തുന്നത്. സമാനമായി ന്യൂനപക്ഷ സമുദായാംഗങ്ങള്‍ നടത്തുന്ന നിരവധി അക്ഷയശ്രീ യൂണിറ്റുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. 

അക്ഷയശ്രീയിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നുവെന്നാണ് ക്രിസ്തുദാസ് പറയുന്നത്. 'ഈ പ്രദേശത്ത് വികസനവും ക്ഷേമപ്രവർത്തനങ്ങളുമില്ലാതെ വര്‍ഷങ്ങളായി സിപിഎമ്മും കുടുംബശ്രീയും ഇവിടെയുള്ള ജനങ്ങളെ കൊള്ളയടിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ അക്ഷയശ്രീ യൂണിറ്റ് രൂപവത്കരിക്കാന്‍ ഞാന്‍ മുന്‍കൈയെടുത്തത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ഇവിടെ അക്ഷയശ്രീയുടെ അഞ്ച് യൂണിറ്റുകള്‍ രൂപവത്കരിച്ചു. അംഗങ്ങള്‍ക്കെല്ലാവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി വായ്പകള്‍ ലഭിക്കുകയും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്ല പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അക്ഷയശ്രീയിലൂടെ വിവിധ സംരംഭങ്ങള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.'

അക്ഷയശ്രീയില്‍ ചേര്‍ന്നതിന് ശേഷം കുടുംബശ്രീയില്‍ ചേരാന്‍ നിര്‍ബന്ധിച്ച് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ക്രിസ്തുദാസിനെ ബന്ധപ്പെട്ടിരുന്നു. കുടുംബശ്രീയോ സിപിഎമ്മോ ഞങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്തതിനാല്‍ അതില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ക്രിസ്തുദാസ് പറഞ്ഞു. 

placeholder
A Samrudhi Store in Thrippunithura, Ernakulam.
തൃപ്പുണിത്തുറയിലെ സമൃദ്ധി സ്റ്റോര്‍

സമൃദ്ധി സ്റ്റോര്‍- അക്ഷയശ്രീ നേതൃത്വത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് 

അക്ഷയശ്രീ അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മറ്റൊന്നാണ് സമൃദ്ധി സ്റ്റോര്‍. എറണാകുളത്ത് തൃപ്പൂണിത്തുറയിലെ പേട്ട മെട്രോ സ്റ്റേഷന് സമീപം സമൃദ്ധി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ 60 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സംസ്ഥാനത്തുടനീളം ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

തൃപ്പൂണിത്തുറയിലെ സമൃദ്ധി സ്റ്റോറിന് പറയാനുള്ളത് ഒരു വിജയഗാഥയാണ്. സംസ്ഥാനത്തെ വിവിധ അക്ഷയശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ടതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2019ലാണ് 11 അംഗങ്ങളുമായി  അക്ഷയശ്രീ യൂണിറ്റിന് തുടക്കം കുറിച്ചതെന്ന് സമൃദ്ധി സ്റ്റോര്‍ മേല്‍നോട്ട ചുമതയുള്ള മാറാട് അക്ഷയശ്രീ റീജിണല്‍ ഫെഡറേഷന്‍ ട്രഷറര്‍ ജയദാസ് കെ.എസ് പറഞ്ഞു. ജയദാസ്, ഉണ്ണികൃഷ്ണന്‍, എം മോഹനന്‍, ജയന്‍, രാജീവ് എന്നിവരായിരുന്നു ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്.

അക്ഷയശ്രീ മിഷന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുകയും അതേ വര്‍ഷം തന്നെ ആദ്യത്തെ അക്ഷയശ്രീ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്ത് 32 അക്ഷയശ്രീ യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നിലവില്‍ 266 അംഗങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്. തുടര്‍ന്ന് ആറ് മുതല്‍ ഏഴ്  അക്ഷയശ്രീകള്‍ ചേര്‍ന്ന് അവര്‍ അഞ്ച് ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഓരോ ക്ലസ്റ്ററില്‍ നിന്നും രണ്ട് മൂന്ന് അംഗങ്ങളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ചേര്‍ത്ത് 2020 ഓഗസ്റ്റില്‍ മാറാട് അക്ഷയശ്രീ റീജിണല്‍ ഫെഡറേഷന്‍ സഹകാര്‍ ഭാരതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തു. സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന 12 പ്രതിനിധികളാണ് ഫെഡറേഷനിലുള്ളത്, ജയദാസ് കെ.എസ് പറഞ്ഞു. 

ഫെഡറേഷന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ ഞങ്ങളുടെ അംഗങ്ങള്‍ക്ക് പ്രയോജനകരമായ എന്തെങ്കിലും ചെയ്യണമെന്നായി അടുത്ത ചിന്ത. അപ്പോഴാണ് 'സമൃദ്ധി സ്റ്റോര്‍' രൂപീകരിക്കാനുള്ള ആശയം ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ അക്ഷയശ്രീയിലെ ഇരുന്നൂറോളം പേര്‍ 1000 രൂപ മുതല്‍ 50,000 രൂപ വരെ സംഭാവന നല്‍കിയിട്ടുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും സമൃദ്ധി സ്റ്റോറിലൂടെ വില്‍ക്കാനും ഞങ്ങള്‍ എല്ലാ അക്ഷയശ്രീകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. 

സൂപ്പര്‍മാര്‍ക്കറ്റില്‍ നിലവില്‍ അഞ്ച് വനിതാ ജീവനക്കാരുണ്ട്, കൂടാതെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കമ്മിറ്റി അംഗങ്ങളും സജീവമാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ന് പല അംഗങ്ങളുടേയും പ്രധാന വരുമാനമാണ്. പ്രതിദിനം 35,000 രൂപയുടെ വരെ വില്‍പ്പനയാണ് സൂപ്പര്‍മാര്‍ക്കറ്റിലുള്ളത്. അടുത്തതായി ഫെഡറേഷന്റെ കീഴില്‍ ഉടന്‍ ഒരു സഹകരണ ബാങ്ക് രൂപീകരിക്കാനും പദ്ധതിയുണ്ടെന്നും ജയദാസ് കൂട്ടിച്ചേര്‍ത്തു. 

placeholder
Marad Akshayashree members in front of the Samrudhi Store in Thrippunithura.
തൃപ്പുണിത്തുറയിലെ സമൃദ്ധി സ്റ്റോര്‍

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള കേരളത്തില്‍ സംഘപരിവാര്‍ നേതൃത്വത്തിലുള്ള സമൃദ്ധി സ്റ്റോറും വിജയത്തിലേക്ക് കുതിക്കുന്നത് അപൂര്‍വ്വതയായി പറയാനാവില്ല. എന്നാല്‍ സംഘടനയെ അടിത്തട്ട് മുതല്‍ ശുദ്ധികലശത്തിനും പൊളിച്ചടക്കലുകള്‍ക്കും വിധേയമാക്കിക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാവുമെന്ന ഉറച്ച തീരുമാനത്തിലാണ് സംഘപരിവാര്‍. കുടുംബശ്രീക്ക് ബദലായി കോണ്‍ഗ്രസ് ജനശ്രീ അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. എന്നാല്‍ ജനശ്രീ എന്ന രൂപത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ കഴിയാത്ത പാഠങ്ങള്‍ ആര്‍എസ്എസും ബിജെപിയും നടപ്പാക്കി കാണിക്കുമോ എന്ന് കാത്തിരുന്നറിയണം. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ വിജയത്തിലേക്കുള്ള സംഘപരിവാറിന്റെ ഫോര്‍മുലയെ കൂടിയാണ് സൂചിപ്പിക്കുന്നത് എന്നുവേണം കണക്കുകൂട്ടാന്‍...

തുടരും..