വടകര: പ്രതിപക്ഷനേതാവ് പിണറായി വിജയനെച്ചൊല്ലി യു.ഡി.എഫ്. സർക്കാരിനെതിരേ കലാപക്കൊടി ഉയർത്തി ആർ.എം.പി. നേതൃത്വം. സി.എം.ആർ.എൽ.-എക്‌സാലോജിക് കേസിൽ പിണറായിയുടെ പേരിൽ കേസെടുക്കുന്നതിൽ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനോടാണ് പ്രതിഷേധം. ഡിവിഷൻബെഞ്ചിൽ പിണറായിയുടെ വാദങ്ങളെയാണ് അഡ്വക്കറ്റ് ജനറൽ പിന്തുണച്ചതെന്നും ഇത് ജനഹിതത്തിന് എതിരാണെന്നും പാർട്ടി സംസ്ഥാനസെക്രട്ടറി എൻ. വേണു ആരോപിച്ചു.

To advertise here,

കെ.കെ. രമ എം.എൽ.എ.യും സർക്കാർ അഭിഭാഷകന്റെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി. യു.ഡി.എഫുമായി സഹകരിച്ച് ആർ.എം.പി. തിരഞ്ഞെടുപ്പുകളെ നേരിട്ടുതുടങ്ങിയശേഷം ആദ്യമായാണ് പാർട്ടി നേതൃത്വം ഒന്നടങ്കം യു.ഡി.എഫിനെതിരേ രംഗത്തെത്തുന്നത്. സി.എം.ആർ.എൽ. കേസിൽ ഒത്തുതീർപ്പുശ്രമം നടക്കുന്നുണ്ടോ എന്നു സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് എൻ. വേണു മാതൃഭൂമിയോട് പറഞ്ഞു. ഹൈക്കോടതിയിലെ എ.ജി.യുടെ വാദങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുത്തതിന്റെ കാരണമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായിക്കെതിരേ തുടക്കംമുതൽ ശക്തമായ നിലപാടു സ്വീകരിച്ച പാർട്ടിയാണ് ആർ.എം.പി. ഇതിന്റെ ഗുണം കിട്ടിയത് യു.ഡി.എഫിനുമാണ്. വരുംദിവസങ്ങളിൽ ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും യു.ഡി.എഫ്.- ആർ.എം.പി. ബന്ധത്തിന്റെ ഭാവി.