കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിനുസമീപം നെല്ലിക്കോട്ട് ഫ്ളാറ്റ്‌ നിർമാണത്തിനിടെ മണ്ണും ചീടിപ്പാറയും ഇടിഞ്ഞുവീണ് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ച സംഭവത്തിൽ റവന്യൂവകുപ്പ് തുടർനടപടി ശക്തമാക്കുന്നു.

To advertise here,

മതിയായ സുരക്ഷാസംവിധാനം, സുരക്ഷാഭിത്തി എന്നിവകൂടാതെ അശാസ്ത്രീയമായി മണ്ണെടുത്തതാണ് ദുരന്തകാരണമായതെന്ന് ബോധ്യപ്പെട്ടതായി തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ എം. രേഖ അറിയിച്ചതായി അധികൃതർ പറഞ്ഞു. വിശദമായ ഹിയറിങ്ങിനായി എത്താൻ നിർമാണക്കമ്പനി അധികൃതർക്ക് കളക്ടർ ഉടൻ നിർദേശം നൽകും.

ഇനിമുതൽ, താഴെനിന്ന് തട്ടുകൾ സ്ഥാപിച്ചും ചെരിച്ചും മാനദണ്ഡങ്ങൾക്കനുസൃതമായി മണ്ണെടുക്കാമെന്ന് ഉടമ, ഡെപ്യൂട്ടി കളക്ടർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മണ്ണെടുപ്പ്, മാനദണ്ഡങ്ങള്‍ പാലിക്കാതെ...

നിര്‍മാണക്കമ്പനി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മണ്ണെടുത്തത് എന്നതിന് തെളിവുകള്‍ പുറത്ത്. അനധികൃത മണ്ണെടുപ്പിനെതിരേ നടപടികളുമായി മുന്നോട്ടുപോകുന്ന, പ്രദേശവാസി നെല്ലിക്കോട് തെക്കെപ്പാട്ടു മീത്തല്‍പറമ്പില്‍ 'മേഘ'യില്‍ ലിസി പ്രസാദാണ് തെളിവുകളുമായി രംഗത്തെത്തിയത്.
ഫ്‌ളാറ്റ് നിര്‍മാണത്തിന്റെപേരില്‍ ഇവിടത്തെ താമസക്കാരുടെ വഴി നശിപ്പിക്കരുതെന്നും അശാസ്ത്രീയനിര്‍മാണം നടത്തരുതെന്നും കോഴിക്കോട് മുന്‍സിഫ് കോടതി(2) ജഡ്ജി നല്‍കിയ ഇടക്കാല ഇന്‍ജക്ഷന്‍ ഉത്തരവിന്റെ പകര്‍പ്പും ലിസി ഹാജരാക്കുന്നു.

കോടതി കേസ് ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. നെല്ലിക്കോട് വില്ലേജില്‍പ്പെട്ട ഫ്‌ളാറ്റുനിര്‍മാണസ്ഥലത്ത് ലിസി പ്രസാദിന്റെ പരാതിപ്രകാരം പരിശോധിച്ചപ്പോള്‍ ആവശ്യമായ സംരക്ഷണപ്രവൃത്തികള്‍ ഇല്ലാതെയാണ് മണ്ണെടുത്തതെന്ന് ബോധ്യപ്പെട്ടതായി നഗരസഭ ടൗണ്‍പ്‌ളാനിങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജൂണ്‍ 26-ന് നല്‍കിയ കത്താണ് മറ്റൊരു തെളിവ്. പ്രവൃത്തി നിര്‍ത്തണമെന്നും അടിയന്തരമായി സംരക്ഷണഭിത്തി കെട്ടണമെന്നും ഉടമയോട് നിര്‍ദേശിച്ചതായും കത്തില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ കാണിച്ച് കെട്ടിടനിര്‍മാതാക്കള്‍ക്കും കോഴിക്കോട് നഗരസഭ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജ് പോലീസില്‍ വീണ്ടും പരാതിനല്‍കിയതായി ലിസി പറഞ്ഞു. ജൂണ്‍ 10-ന് ലിസിയുടെ പരാതിപ്രകാരം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അശാസ്ത്രീയമായാണ് മണ്ണെടുക്കുന്നതെന്നകാര്യം ബോധ്യപ്പെട്ടതായി നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ കോഴിക്കോട് തഹസില്‍ദാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി -തഹസില്‍ദാര്‍
സംഭവത്തില്‍ ദുരന്തനിവാരണനിയമപ്രകാരം ഉടമയ്‌ക്കെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് തിങ്കളാഴ്ച കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എസ്.എം. പ്രേംലാല്‍ അറിയിച്ചു. ഉടമകള്‍ക്കുള്ള നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ടകാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.