
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല, മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം-അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദത്തിലാക്കി ഏത് അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നത്. അതിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്ന പ്രവണത ഇവര്‍ പിന്തുടരുന്നു. ഇത് അംഗീകരിക്കാനാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ള കാര്യമാണ്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കടന്നുവന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചത്. അതും താന്‍ ശുപാര്‍ശ ചെയ്ത ഒരു കാര്യം അന്ന് സമയത്തിനു ചെയ്തില്ല എന്ന ആരോപണം കൂടി ഉന്നയിച്ച്.
ഏതെങ്കിലും വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ എത്രയേ നിയമപരമായ വഴികളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്കി കര്‍ശന നടപടി എടുപ്പിക്കാം തുടങ്ങി നിരവധി വഴികള്‍ മുന്നിലുള്ളപ്പോഴാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്കു തള്ളിവിടുന്ന നടപടി ഉന്നതമായ ഭരണഘടനാചുമതല വഹിക്കുന്ന ഒരാള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപമാണ്. ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്.
സിപിഎമ്മില്‍ അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തല്‍സ്ഥാനത്തു നിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Content Highlights: Congress leader Ramesh Chennithala accuses CPM of orchestrating the suicide of Kannur EDM NaveenBabu
Published: 15 Oct 2024, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented