സോഷ്യല്‍ മീഡിയയെ മറയാക്കിക്കൊണ്ട് മുഖ്യധാരാമാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളിലെ അജണ്ടകളിലൂടെ മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുന്ന സാഹചര്യമാണെന്നും അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തനം ഇന്ന് ധാര്‍മിക പ്രതിസന്ധി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി ഒരുക്കിയ മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

മുഖ്യധാര മാധ്യമങ്ങളെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ തിരുത്തുകയും ചെയ്യുന്ന 'വാച്ച് ഡോഗ്' ആയാണോ ഇന്ന് സോഷ്യല്‍ മീഡിയ പ്രവര്‍ത്തിക്കുന്നത് അതോ ജനാധിപത്യപരമായ ഒരു ഇടമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണോ ചെയ്യുന്നത് എന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യധാരമാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കാനായി ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ചിലപ്പോഴെങ്കിലും 'മറ്റൊരുതരം സത്യങ്ങളുടെ' സമാന്തര ലോകമായി പ്രവര്‍ത്തിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരിക്കും. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിയെ തന്നെയാണ് ഇവര്‍ ഇല്ലാതാക്കുന്നത്. ഇത്തരം ആര്‍മികളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതയെ സ്വാധീനിക്കാനും ന്യൂസ് റൂം അജണ്ട സെറ്റ് ചെയ്യാനും സാധിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ മാനേജര്‍മാരും ഐടി സെല്‍ തലവന്മാരും ന്യൂസ് റൂം ചര്‍ച്ചകള്‍ എന്താണെന്ന് പോലും തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് സമൂഹ മധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.