തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വീക്ഷണം മുഖപത്രത്തില്‍ വന്ന മുഖപ്രസംഗത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുകേഷിനെപ്പോലൊരാളെ സംരക്ഷിച്ച പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വരുമ്പോള്‍ ധാര്‍മകിത പറയുന്നതിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗമെഴുതിയിട്ടുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു. രാഹുലിനെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി പത്രമോ തയ്യാറല്ല. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നത് പാര്‍ട്ടിയുടെ നയംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ഉദ്ദേശിച്ചുള്ളതാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനൊന്നും പാര്‍ട്ടിയോ പാര്‍ട്ടി പത്രമോ തയ്യാറല്ല. രാഹുലിനെ ആരോപണം വന്നയുടന്‍ പുറത്താക്കിയിട്ടുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ഉപദേശിക്കാന്‍ വരുന്നവര്‍ക്ക് അതിനുള്ള അവകാശമില്ല. സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ത്തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരേ സ്വീകരിച്ച നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. പുറത്തായ ആള്‍ പുറത്തുതന്നെ. നിരപരാധിത്വം തെളിയിക്കുന്നതുവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല. രാഹുലിനെ ന്യായീകരിക്കേണ്ട ഒരാവശ്യവും പാര്‍ട്ടിക്കില്ല. രാഹുല്‍ ചെയ്തതും മുകേഷ് ചെയ്തതും തെറ്റാണ്. സ്ത്രീകളുടെ മേല്‍ ആര് അതിക്രമം നടത്തിയാലും തെറ്റാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളികൊണ്ട് മൂക്കുപൊത്തുംപോലെയാണ് സിപിഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും വീക്ഷണം വിമര്‍ശിച്ചു. എതിരാളികള്‍ക്കെതിരേ വ്യാജമായ ലൈംഗികാരോപണങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്നും മുഖപ്രസംഗത്തിലുണ്ട്.