തിരുവനന്തപുരം: കരമന ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനദിനത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായി. പൊതുയിട വായനയുൾപ്പെടെ പരിപാടികൾക്കാണ് സ്കൂൾ തുടക്കമിട്ടത്. സാംസ്കാരിക പ്രവർത്തകൻ എം അജയദേവ് ഉദ്ഘാടനം ചെയ്തു.

To advertise here,

'അഗ്നിസാക്ഷി' കൂടുതൽ പേരിലേക്കെത്തിക്കുന്നതിനാണ് പൊതുയിട വായന തുടങ്ങിയതെന്ന് കുട്ടികളും അധ്യാപകരും പറയുന്നു. മലയാളത്തിൽ പെണ്ണെഴുത്തിന്റെ ചൂടും ചൂരും അടയാളപ്പെടുത്തിയ ലളിതാംബിക അന്തർജ്ജനത്തിന്റെ 'അഗ്നിസാക്ഷി 'എന്ന നോവൽ പിറവിയെടുത്തിട്ട് അമ്പതാണ്ട് തികഞ്ഞു. 1976 ലാണ് നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. കേരളീയ നവോത്ഥാന പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ട ഒരു നമ്പൂതിരി സ്ത്രീയുടെ ജീവിതമാണ് നോവൽ ഇതിവൃത്തം. പൊതുജീവിതത്തിൽ സാക്ഷ്യം വഹിക്കേണ്ടിവന്ന യഥാർത്ഥ സംഭവങ്ങൾ ഭാവനയുടെ നിറക്കൂട്ടിൽ ചിത്രീകരിച്ചാണ് അന്തർജനം ഈ നോവലിന് രൂപം നൽകിയത്.

സ്കൂൾ പരിസരത്തെ കവലകൾ, വീടുകൾ തുടങ്ങിയിടങ്ങളിൽ നോവൽ പാരായണവും വായനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കും. വാരാചരണ ഭാഗമായി അഗ്നിസാക്ഷി സിനിമ പ്രദർശനവും നടത്തി. നോവൽ ഭാഗത്തെ റീലുകളായി അവതരിപ്പിക്കൽ, ഓഡിയോ ബുക്ക് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഉണ്ടാകും. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി വൈ അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ ബിലു വി.ബി മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കൺവീനർ സജുല. എച്ച്, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി. ആർ എന്നിവർ പ്രസംഗിച്ചു.