മലപ്പുറം: തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് 30 ദിവസത്തിന് ശേഷം റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം എഡിജിപിക്കെതിരേ നടപടി എന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ 32 ദിവസമായിട്ടും നടപടി ഒന്നും ഇല്ല എന്ന് പി.വി. അൻവർ. മഞ്ചേരിയിൽ ജസീല ജങ്ഷനിൽ വെച്ച് ഡി.എം.കെയുടെ നയവിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

പി.വി. അൻവർ പറഞ്ഞത്; തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയിൽ 30 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം എ.ഡി.ജി.പിക്കെതിരേ നടപടി എന്ന നിലപാടുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഭരണകക്ഷിയിലെ ഇടതുപക്ഷ ജാധിപത്യ മുന്നണിയിലെ ഘടകകക്ഷികൾ ഉൾപ്പെടെയുള്ള കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. 30 ദിവസത്തിനുള്ളിൽ അന്വേഷണം വരും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞ ന്യായം. അത് വരട്ടെ, പരിശോധിക്കട്ടെ, പഠിക്കട്ടെ എന്നിട്ട് തീരുമാനം. ഇന്ന് 32-ാം ദിവസമാണ്. ഒരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും മൂന്നര കോടി ജനങ്ങൾക്കും അവസാനമായി നൽകിയ വളരെ വാശിപിടിച്ച തീരുമാനമായിരുന്നു 30 ദിവസം കഴിയട്ടെ എന്നത്. ഇപ്പോൾ 32 ദിവസമായി.

30-ാം ദിവസം തന്നെ ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ റിപ്പോർട്ട് നൽകി. ആദ്യം നൽകിയത് പൂരം സംബന്ധിച്ച റിപ്പോർട്ടാണ്. എ.ഡി.ജി.പിക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ സർക്കാർ ചെയ്യുക ആ നിമിഷം അയാളെ സസ്പെൻഡ് ചെയ്ത് മാറ്റി നിർത്തുകയായിരുന്നു. എവിടെയാണ് സി.പി.ഐ. 30 ദിവസത്തിനകം ഒരു മിനിറ്റ് അപ്പുറത്തേക്ക് പോകാൻ സി.പി.ഐ. സമ്മതിക്കില്ല. ആ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ അജിത് കുമാറിനെ മാറ്റി നിർത്തും എന്നായിരുന്നു പറഞ്ഞിരുന്നതെന്നും അൻവർ പറഞ്ഞു.