പുതുപ്പള്ളി (കോട്ടയം): ഇരണ്ടക്കെട്ട് ഭേദമായ ശേഷം വിശ്രമത്തിലുള്ള ‘പുതുപ്പള്ളി സാധു’ ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി. പാപ്പാന്മാർ സാധുവിനെ പള്ളിയങ്കണത്തിലെത്തിച്ചു.

To advertise here,

വൈദികർ പ്രത്യേകം പ്രാർഥനകൾ നടത്തി ഭക്ഷണം നൽകി. പള്ളിക്കുമുൻപിലെ കൽക്കുരിശിങ്കൽ തുമ്പിക്കൈ ഉയർത്തി വണങ്ങി. ഷാളും പൂമാലകളും അണിയിച്ചായിരുന്നു സ്വീകരണം. പള്ളിയിൽ ഞായറാഴ്ച പ്രാർഥനയ്ക്ക് എത്തിയവർക്കൊപ്പം ചാണ്ടി ഉമ്മൻ എംഎൽഎ, ജോഷി ഫിലിപ്പ് അടക്കമുള്ളവരും സാക്ഷികളായി.

പുതുപ്പള്ളി സാധുവിന് ഇരണ്ടക്കെട്ട് ഭേദമായിട്ട്‌ ഇപ്പോൾ ഒന്നര മാസമായി. രണ്ടുമാസത്തെ വിശ്രമം കഴിഞ്ഞ് ക്ഷീണം മാറിയശേഷം ഈ മാസം 24-ന് എഴുന്നള്ളത്തിന് കൊണ്ടുപോകും. പാപ്പാന്റെ സ്വദേശമായ നെടുംകുന്നത്തെ അമ്പലത്തിലും പോകുന്നുണ്ട്. തൃശ്ശൂർ മുതൽ പല സ്ഥലങ്ങളിലും ആനപ്രേമികളുടെ നേർച്ചകളുണ്ടെന്ന് ആന ഉടമ പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ് പറഞ്ഞു.