
തൃശ്ശൂർ: ജന്തർമന്തറിൽ പ്രക്ഷോഭം നയിച്ച ചെറുപ്പക്കാർ ഈ രാജ്യത്തിന് പ്രതീക്ഷ നൽകിയെന്നും ഫാസിസത്തിന്റെ അന്ത്യത്തിന് അവർ തുടക്കമിട്ടിരിക്കുകയാണെന്നും നടൻ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
നൂറുവർഷത്തേക്കെങ്കിലും രാജ്യത്തെ നില മാറില്ലെന്ന് കരുതിയിടത്താണ് അവർ ഈ മാറ്റം കൊണ്ടുവന്നത്. തികച്ചും സമാധാനപരമായിരുന്നുവെന്നത് ആ പ്രക്ഷോഭത്തിന്റെ സൗന്ദര്യം കൂട്ടുന്നു -ഡി.വൈ.എഫ്.ഐ. 16-ാം സംസ്ഥാന സമ്മേളനം റീജണൽ തിയേറ്ററിലെ പുഷ്പൻ നഗറിൽ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
‘ഡൽഹിയിൽ ചെറുപ്പക്കാരുടെ ചെറുത്തുനിൽപ്പിന്റെ മനോഹാരിത ഞാൻ കണ്ടു. കാട്ടിൽ പമ്മിനിൽക്കുന്ന ഇരപിടിയൻ കടുവയോട് മാൻ പ്രത്യേക ശബ്ദംകൊണ്ട് സൂചന കൊടുക്കുന്നതുപോലെയാണ് ചെറുപ്പക്കാർ ഈ രാജ്യത്തെ ഭരണാധികാരിയോട് പറഞ്ഞത്: ഞാൻ നിന്നെ കണ്ടിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
‘നിന്റെ നീക്കം അറിഞ്ഞിരിക്കുന്നു. നിന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ചെറുപ്പക്കാർ ഈ അടയാളം കാണിച്ചിരുന്നു. ഊതിവീർപ്പിച്ച മോദിയുടെ അജയ്യതയ്ക്ക് യുവാക്കൾ തുള വീഴ്ത്തുകയാണ് ചെയ്തത്. നിങ്ങൾക്ക് എല്ലാ അധികാരങ്ങളുമുണ്ട്. നിങ്ങൾക്ക് തോക്കുണ്ട്. നിയമങ്ങളുണ്ട്. ഇപ്പോൾ അതെല്ലാം പോയി.’ അദ്ദേഹം പറഞ്ഞു.
‘മാൻ ശബ്ദം കേൾപ്പിച്ച് മുന്നറിയിപ്പ് കൊടുക്കുന്നതുപോലെ ചെറുപ്പക്കാർ അടയാളം കാണിച്ചിരിക്കുന്നു. അതിന്റെ ഫലമായി പാർലമെന്റിന്റെ പിൻവാതിലിലൂടെ മോദിക്ക് പുറത്തുപോകേണ്ടിവന്നു. അതേസമയം കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയ പാർട്ടിയല്ലെന്ന് നമ്മൾ ഓർക്കണം. നമ്മളാണ് രാഷ്ട്രീയം കൊണ്ടുവരേണ്ടത്’ – അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി. ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, സംഘാടകസമിതി ചെയർമാൻ കെ.വി. അബ്ദുൾഖാദർ, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ., എം. ഷാജർ, ആർ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു. വി. വസീഫ് സമ്മേളന നഗരിയിൽ പതാക ഉയർത്തി.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ദേശീയ അധ്യക്ഷൻ എ.എ. റഹീം എം.പി., സെക്രട്ടറി ഹിമഗ്ന രാജ് ഭട്ടാചാര്യ, ട്രഷറർ സജീവ് കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ്, എം. വിജിൻ എം.എൽ.എ., ചിന്താ ജെറോം തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.എം. നേതാക്കളായ കെ. രാധാകൃഷ്ണൻ എം.പി., പി.കെ. ബിജു, ഡോ. ആർ. ബിന്ദു, യു.പി. ജോസഫ്, ടി. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് രക്തസാക്ഷി കുടുംബസംഗമം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം ശനിയാഴ്ച സമാപിക്കും.
Content Highlights: Actor Prakash Raj inaugurated the DYFI 16th State Conference in Thrissur. He stated that youth-led protests at Jantar Mantar mark the beginning of the end of fascism. He praised the peaceful resistance of youngsters against political authority. Leaders like V. Vasif, A.A. Rahim, and others participated in the event.
Published: 21 Aug 2026, 07:46 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented