തിരുവനന്തപുരം: പി.വി. അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ പി.ആര്‍. ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ മാധ്യമ ഇടപെടല്‍ മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. പി.ആര്‍.ഏജന്‍സിക്കനുസൃതമായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം 'ദ ഹിന്ദു'വില്‍ വന്ന അഭിമുഖത്തോടെ വീണ്ടും ചര്‍ച്ചയായി.

To advertise here,

മലപ്പുറത്ത് ഹവാല പണമിടപാടും സ്വര്‍ണക്കടത്തും കൂടുതലാണെന്നും ഇത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമുള്ള ഹിന്ദുവില്‍ വന്ന അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്. ഇതോടെ തെറ്റുപറ്റിയത് പത്രത്തിനാണെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി 'ദി ഹിന്ദു'വിന് കത്ത് നല്‍കി. തെറ്റ് അംഗീകരിച്ച് 'ഹിന്ദു' ഇറക്കിയ കുറിപ്പില്‍, മുഖ്യമന്ത്രിക്കുവേണ്ടി പി.ആര്‍. ഏജന്‍സി സമീപിച്ചെന്നും അവര്‍ നല്‍കിയ കുറിപ്പിലെ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റായപരാമര്‍ശമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും വ്യക്തമാക്കി. ഇതാണിപ്പോള്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

പി.ആര്‍. ഏജന്‍സി എഴുതി നല്‍കുന്നതാണ് മുഖ്യമന്ത്രി പറയുന്നതെന്ന്, പ്രതിപക്ഷം മുന്‍പേ ഉന്നയിക്കുന്ന ആരോപണമാണ്. അന്ന് മുഖ്യമന്ത്രി ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവത്തില്‍ പി.ആര്‍. ഏജന്‍സി ഉണ്ടെന്ന സ്ഥിരീകരണവും ഫലത്തില്‍ വിവാദത്തിലൂടെ ഉണ്ടായിരിക്കുകയാണ്.

കുറേ ആയില്ല ഈ കയിലും കുത്തി നടക്കുന്നുവെന്ന് അന്ന് മറുപടി

2020 കോവിഡ് കാലത്ത് മുഖ്യമന്ത്രി നടത്തിയിരുന്ന പതിവ് വാര്‍ത്താസമ്മേളനം വലിയ ജനപ്രീതിയുണ്ടാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് പത്രസമ്മേളനം നടത്തുന്നതെന്നും മുഖ്യമന്ത്രി എപ്പോള്‍ ചിരിക്കണമെന്നുപോലും പറയുന്നത് പിആര്‍ ഏജന്‍സിയാണെന്നുമായിരുന്നു അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അന്നത്തെ മറുപടി ഇങ്ങനെയായിരുന്നു.

'നിങ്ങള്‍ കുറച്ചു കാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നു. പുതുതായി വന്നതല്ലാലോ. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ ആദ്യായിട്ട് കാണുകയില്ല. കുറെക്കാലമായി കണ്ടുകൊണ്ടിരിക്കുകയാണ്.

നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടതെന്നതിന് മറ്റാരുടെയെങ്കിലും പെട്ടെന്ന് ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ലാട്ടോ. ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ. ഞാന്‍ ആ പി ആര്‍ ഏജന്‍സിയെ ബന്ധപ്പെടട്ടേ. നിങ്ങളുടെ ചെവിടില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നില്ലേ. അങ്ങനെയൊന്നും എന്റെ ചെവിയില്‍ ഇല്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് നിര്‍ദേശങ്ങള്‍ തരാറുണ്ടല്ലോ. അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കൈയില്‍ ഇല്ലല്ലോ. ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതെ ഇരിക്കുന്നുണ്ടോ. ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശത്തിന് കാത്ത് നില്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ'.

മുഖ്യമന്ത്രിക്കായി പി.ആര്‍.ഏജന്‍സി ബന്ധപ്പെട്ടുവെന്ന് പുതിയ വിവാദത്തില്‍ ദ ഹിന്ദു പത്രം വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കപ്പെടുന്നുണ്ട്. 

പി.ആര്‍. ഏജന്‍സിയുടെ നിയമനത്തില്‍ ഇന്ന്  മൗനം

പി.ആര്‍. ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സമീപിച്ചതെന്നും അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു അഭിമുഖമെന്നും 'ദി ഹിന്ദു' വ്യക്തമാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രിയും അദേഹത്തിന്റെ ഓഫീസും പ്രതികരിച്ചില്ല. പി.ആര്‍. ഏജന്‍സിയുടെ ഇടനില പത്രം വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രി നിഷേധിക്കാത്തതിനാല്‍ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുകയാണ്.

പി.ആര്‍. ഏജന്‍സികള്‍ അവരുടെ കക്ഷികളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഒരുക്കുക. അതിന്റെ ഭാഗമായിട്ടാണ് ഡല്‍ഹിയില്‍വെച്ച് ദേശീയമാധ്യമവുമായുള്ള അഭിമുഖം ക്രമീകരിച്ചത്.

സാധാരണനിലയില്‍ ഇത്തരം ഏജന്‍സികള്‍ ബന്ധപ്പെട്ട കക്ഷികളുടെ അനുമതിവാങ്ങിയശേഷമാണ് അവരുമായി ബന്ധപ്പെട്ട പത്രക്കുറിപ്പുപോലും ഇറക്കുക. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഭാഗമായി നല്‍കാനുള്ള കുറിപ്പ് മുഖ്യമന്ത്രിയുടെയോ, അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയോ അനുമതിവാങ്ങിയശേഷമാണോ മാധ്യമത്തിന് കൈമാറിയതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് ഇരുകൂട്ടരും മൗനംപാലിക്കുന്നെന്നതും വിചിത്രമാണ്. ആരാണ് മുഖ്യമന്ത്രിക്കുവേണ്ടി പി.ആര്‍. ഏജന്‍സിയെ നിയോഗിച്ചത്, അവരുടെ പ്രതിഫലം തുടങ്ങിയകാര്യങ്ങളില്‍ വ്യക്തതവന്നിട്ടില്ല.