തലശ്ശേരി: പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് തലശ്ശേരി സെഷന്സ് കോടതി. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിപകർപ്പിലാണ് കോടതി ഇക്കാര്യം പറയുന്നത്. 38 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകൾ ജാമ്യം നൽകുന്നതിന് കാരണമല്ലെന്നും ഹർജിക്കാരിയുടെ പ്രവൃത്തി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വഴിയെ പോകുമ്പോൾ യാത്രയയപ്പ് ചടങ്ങ് കണ്ട് താൻ കയറിയതാണെന്ന് ചടങ്ങിൽ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗം ഹാജരാക്കിയതെന്ന് കോടതി കണ്ടെത്തി. താൻ പൊതുപ്രവർത്തകയാണ്, രാഷ്ട്രീയ നേതാവാണ്, നിരവധി കിലോമീറ്ററുകൾ യാത്ര ചെയ്ത് പൊതുപ്രവർത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങൾ പിപി ദിവ്യ ഉന്നയിച്ചെങ്കിലും ഇതൊന്നും മുൻകൂർ ജാമ്യം നൽകാനുള്ള കാരണമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം നൽകാൻ സാധിക്കില്ല എന്നും വിധിപ്രസ്താവത്തിൽ പറയുന്നു. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിരിക്കുന്നത്. അതിനുപിന്നിൽ ആസൂത്രണം നടത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ ആൾക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം നടത്തുക എന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നും വിധിയിൽ പറയുന്നു. ഇത്തരം ഒരു കേസിൽ മുൻകൂർ ജാമ്യം നൽകുകയാണെങ്കിൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രാദേശിക ടെലിവിഷൻ ചാനലിനെ വിളിച്ച് ഷൂട്ട് ചെയ്യിപ്പിച്ച് പത്തനംതിട്ടയിൽ വീഡിയോ പ്രചരിപ്പിച്ചു. ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ല എന്ന സ്ഥിതിയിലെത്തിച്ചു. ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നു. അഴിമതി അറിഞ്ഞെങ്കിൽ പോലീസിനേയോ വിജിലൻസിനേയോ സമീപിക്കേണ്ടിയിരുന്നു. അതിനുപകരം ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തിൽ പരിഹസിക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: pp divya anticipatory bail rejected court order details
Published: 29 Oct 2024, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented