കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജീവനക്കാര്‍ക്ക് 19-ാം ദിനം ശമ്പളം വിതരണംചെയ്തു. 11 മാസത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് വിതരണവും തുടങ്ങി. യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കും സെക്ഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ജീവനക്കാര്‍ക്കുമുള്ള ശമ്പളവും വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തോളമായി സ്‌റ്റൈപ്പെന്‍ഡും മുടങ്ങിയതുസംബന്ധിച്ച് മാതൃഭൂമി ചൊവ്വാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ട് രണ്ടും വിതരണംചെയ്തുതുടങ്ങിയത്. അതേസമയം കരാര്‍ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം കിട്ടിയില്ല. ഇവരുടെ ശമ്പളവിതരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

To advertise here,

ടീച്ചിങ് അസിസ്റ്റന്റ്, ഓഫീസുകളിലെ ക്ലറിക്കല്‍ ജീവനക്കാര്‍ തുടങ്ങി നൂറോളം കരാര്‍ജീവനക്കാരും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജോലിചെയ്യുന്നുണ്ട്. പിജി വിദ്യാര്‍ഥികളില്‍ 2023, 2024 ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌റ്റൈപ്പെന്‍ഡ് വിതരണംചെയ്തത്. ശേഷിക്കുന്ന കുട്ടികള്‍ക്കും ബുധനാഴ്ചതന്നെ തുക ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വിദ്യാര്‍ഥികളെ സംബന്ധിച്ച് ആശങ്കയ്ക്ക് വിരാമമായി.

എന്നാല്‍, ശമ്പളപ്രതിസന്ധി അത്രപെട്ടെന്ന് പരിഹരിക്കപ്പെടുന്നതല്ല. സര്‍വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിക്കാതെ ഇപ്പോള്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധി മാറില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിമാസം 8.1 കോടി രൂപമാത്രമാണ് സര്‍ക്കാരില്‍നിന്ന് അനുവദിക്കുന്നത്. ശമ്പളവിതരണത്തിന് 10.5 കോടി രൂപയെങ്കിലും വേണം. പ്രതിവര്‍ഷം 23 കോടി രൂപയുടെ ആഭ്യന്തരവരുമാനമുള്ള സര്‍വകലാശാലയാണ് പൂക്കോട്. ആഭ്യന്തരവരുമാനത്തില്‍നിന്ന് തിരിമറിചെയ്താണ് ഇതുവരെ പിടിച്ചുനിന്നത്. ഈ മാസം ഓഡിറ്റ് നിര്‍ദേശങ്ങളെത്തുടര്‍ന്ന് അതിനു സാധിക്കാതെവന്നതോടെ ശമ്പളം മുടങ്ങുകയായിരുന്നു.

സര്‍ക്കാര്‍ ഗ്രാന്റില്‍ കാലാനുസൃതമായ വര്‍ധനയില്ലാതെ സാമ്പത്തികപ്രതിസന്ധി മറികടക്കാനാവില്ല. ശമ്പളം മുടങ്ങിയത് വാര്‍ത്തയായതോടെ ഈ വര്‍ഷം സര്‍വകലാശാലയ്ക്കായി അനുവദിച്ച ഗ്രാന്റില്‍നിന്ന് മുന്‍കൂറായി തുക നല്‍കുകയായിരുന്നു. കൂടുതല്‍ തുക അനുവദിച്ചില്ലെങ്കില്‍ ജനുവരിയോടെ ശമ്പളം നല്‍കാനാവാത്ത സ്ഥിതിയുണ്ടാകും. അടുത്തമാസം ഓണം അലവന്‍സ്, ഓണം അഡ്വാന്‍സ് എന്നീ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് കൂടുതല്‍ തുകയും കാണണം. ഇതുസംബന്ധിച്ചൊന്നും സര്‍ക്കാരില്‍നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ല.