
തൃശ്ശൂർ: ‘‘നമ്മുടെ പ്രോ വൈസ് ചാൻസലർ, എൻറെ സുഹൃത്ത് പ്രസാദ്ജി അങ്ങകലെ ലണ്ടനിൽനിന്നാണ് ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മാറ്റിവച്ച് നിങ്ങളുടെ നേട്ടത്തിനാണദ്ദേഹം പ്രാധാന്യം നൽകിയത്’’ -കൃഷിമന്ത്രി പി. പ്രസാദിനെ വാനോളം പുകഴ്‌ത്തി ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ.
എന്റെ വിദ്യാർഥികൾ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു, അവരുടെ നേട്ടത്തിന്റെ ഈ സന്ദർഭത്തിൽ ഇവിടെയെത്തിയില്ലെങ്കിൽ അതെന്റെ പരാജയമാകുമെന്ന് അദ്ദേഹം കരുതി. അതാണ് നമ്മുടെ കൃഷിമന്ത്രിയുടെ മഹത്ത്വം -ഗവർണർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന കാർഷിക സർവകലാശാലാ ബിരുദദാനച്ചടങ്ങ് നിർവഹിച്ചശേഷം നടത്തിയ പ്രസംഗത്തിൽ പലതവണ അദ്ദേഹം മന്ത്രിയെ പുകഴ്‌ത്തി.
പരിസ്ഥിതിദിനത്തിൽ രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിൽ മന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു. അതിനുശേഷം ഇരുവരും ഒരു വേദി ഒരുമിച്ച് പങ്കിടുന്നത് ആദ്യമായാണ്. ചടങ്ങിൽ അടുത്തടുത്ത സീറ്റുകളിലാണ് ഇരുവരും ഇരുന്നത്. അധ്യക്ഷപ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ മന്ത്രി പ്രസാദ് ഗവർണറെ തൊഴുതു. പിന്നീട് ഇരുവരും സൗഹൃദസംഭാഷണം നടത്തി. തുടർന്നായിരുന്നു ഗവർണറുടെ പ്രസംഗം.
തൊഴിൽദായകരാവണം-ഗവർണർ
ബിരുദസർട്ടിഫിക്കറ്റുമായി മറ്റുള്ളവർക്കു മുന്നിൽ ജോലി തേടാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. അഥവാ ആരുടെയെങ്കിലും അടിമയാകുക എന്നതാണോ നിങ്ങളുടെ ജന്മോദ്ദേശ്യം. ജോലി നേടിയാൽ എല്ലാമായി എന്നാണോ നിങ്ങൾ കരുതുന്നത് -കാർഷികവിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ച് ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ. തൃശ്ശൂർ ഹയാത്ത് റീജൻസിയിൽ നടന്ന കാർഷിക സർവകലാശാലാ ബിരുദദാനച്ചടങ്ങ് നിർവഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു ചാൻസലർ കൂടിയായ അദ്ദേഹം.
സർവകലാശാല ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും മണ്ണിൽനിന്ന് വിണ്ണിലേക്ക് എത്തിക്കഴിഞ്ഞുവെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രൊഫസർ കടമ്പോട്ട് എച്ച്.എം. സിദ്ദിഖ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പോൾ തോമസ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. വൈസ് ചാൻസലർ ബി. അശോക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.
സ്ത്രീധനത്തിനെതിരേ കാർഷിക സർവകലാശാലാ വിദ്യാർഥികൾ ഒപ്പുവച്ച പ്രഖ്യാപനവും മയക്കുമരുന്നിനെതിരായ പ്രമേയവും പ്രോ ചാൻസലർ ഗവർണർക്ക് കൈമാറി. കൃഷി, എൻജിനീയറിങ്, ഫോറസ്ട്രി എന്നീ വകുപ്പുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. 1039 വിദ്യാർഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തരബിരുദം, 565 ബിരുദം, 65 ഡിപ്ലോമ എന്നിവയാണ് നൽകിയത്.
വ്യക്തിപരമായി പ്രശ്‌നമില്ല, ആശയപരമായി പ്രശ്‌നം -മന്ത്രി
ഗവർണറുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ ആശയപരമായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പി. പ്രസാദ്. ബിരുദദാനച്ചടങ്ങ് തർക്കങ്ങൾക്ക് വേദിയാകാൻ പാടില്ല-ചടങ്ങിനുശേഷം മടങ്ങുംമുൻപ് മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
‘‘കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ നടന്ന പരിപാടിയിൽ വിവാദമുണ്ടാക്കിയത്. ഔദ്യോഗികപരിപാടിയിൽ അത്തരം ചിത്രങ്ങൾ പാടില്ല എന്നാണ് സർക്കാർ നിലപാട്. ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ അത്തരം ശാഠ്യങ്ങൾ പിടിക്കരുത്.
പൊതുപരിപാടിയിൽ പാലിക്കേണ്ട മര്യാദകളുണ്ട്. അത് പാലിക്കാൻ എല്ലാവരും തയ്യാറാകണം. നിലപാടിൽനിന്ന് അല്പംപോലും മാറ്റമുണ്ടാകില്ല. ഗവർണർ എന്ന പദവി ആവശ്യമില്ലാത്തതാണെന്ന് എന്റെ പാർട്ടിതന്നെ നിലപാടെടുത്തിട്ടുണ്ട്. പക്ഷേ, മന്ത്രി എന്ന നിലയിൽ ആ തീരുമാനത്തിന് ഒപ്പം നിൽക്കാനാകില്ല -മന്ത്രി വ്യക്തമാക്കി.
Content Highlights: Governor Rajendra Arlekar praises Minister for Agriculture P prasad
Published: 27 Jun 2025, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented