
തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥിയെ മാറ്റാനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് അതിന് തുരങ്കം വെയ്ക്കപ്പെടുന്നു. നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥിയെ ഒരുക്കിയപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ആട്ടവും പാട്ടുമൊക്കെയായി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നു.
ഇതിനൊപ്പം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന കേരളീയം പരിപാടികള്‍ നഗരത്തില്‍ നടക്കുന്നതോടെ അതിന്റെ ഭാഗമായി എത്തുന്നവരും മാനവീയം വീഥിയില്‍ എത്തുന്നുണ്ട്. ഇത് വലിയ തിരക്കുണ്ടാക്കുന്ന പശ്ചാത്തലത്തിനിടയിലാണ് ആളുകള്‍ തമ്മില്‍ സംഘര്‍ഷവും കൈയ്യാങ്കളിയും ബഹളവുമൊക്കെ സ്ഥിരമായി സംഭവിക്കുന്നത്.
ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ പലപ്പോളും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതികള്‍ ഉയരുന്നതിനിടെയാണ് രണ്ട് ദിവസം മുമ്പ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടാവുകയും അതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തത്. മുമ്പൊക്കെ പരാതിക്കാരില്ലാത്തതിനാല്‍ പോലീസ് വിഷയത്തില്‍ കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സംഭവത്തില്‍ മര്‍ദ്ദനമേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ പോലീസ് കേസെടുക്കുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാല്‍ ഇവിടം കൊണ്ട് നിര്‍ത്താന്‍ പോലീസ് തയ്യാറായില്ല. മാനവീയം വീഥിയില്‍ കര്‍ശന നിലപാടിലേക്ക് പോലീസ് കടക്കുകയാണ്. മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് നിയന്ത്രിക്കണമെന്നാണ് പോലീസ് നിലപാട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ചു.
കലാപരിപാടികള്‍ നിയന്ത്രിക്കണം, മൈക്ക് ഉപയോഗം നിയന്ത്രിക്കണം, പരിപാടികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. നൈറ്റ് ലൈഫ് തുടങ്ങിയതിന് ശേഷം ഇതുവരെ ഒമ്പത് തവണ സംഘര്‍ഷങ്ങള്‍ നടന്നു. അതില്‍ അവസാനത്തെ സംഘര്‍ഷമാണ് കൈവിട്ട് കൂട്ടം ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നതിലേക്ക് പോയത്.
ഇതുമാത്രമല്ല ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ കുടുംബമായി എത്തുന്നവര്‍ക്കിടയിലേക്ക് കടന്നുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നും പോലീസ് പറയുന്നു. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് നൈറ്റ് ലൈഫില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നത്. ആരാണ് അവിടെ പരിപാടി നടത്തുന്നതെന്നോ, എന്ത് പരിപാടിയാണെന്നോ ആര്‍ക്കും തന്നെ വ്യക്തതയില്ലാത്ത സാഹചര്യമാണ്. എന്തെങ്കിലും സംഭവിച്ചാല്‍ പരിപാടിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ കലാപരിപാടികള്‍ രജിസ്‌ട്രേഷന്‍ മുഖേനെ നിയന്ത്രിക്കണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കരുതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിപാടികള്‍ക്ക് നിശ്ചിത സമയത്തേക്ക് മാത്രം അനുമതി നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സമയ നിയന്ത്രണം നഗരസഭയ്ക്കും ടൂറിസം വകുപ്പിനും തീരുമാനിക്കാം. മാത്രമല്ല രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തണമെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം മാനവീയം വീഥിയില്‍ വരുന്ന ആളുകളില്‍ സംശയം തോന്നുവരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൂചന. മദ്യം ഉപയോഗിച്ച് വന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കുന്നതിന് പുറമെ മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചത് കണ്ടെത്താനുള്ള കിറ്റുകളും ഉപയോഗിച്ചാകും പരിശോധന നടത്തുക.
കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി ഒരുവിഭാഗം ആളുകളുടെ പെരുമാറ്റം മൂലം ഇല്ലാതാകുമോ എന്ന ആശങ്കയാണ് നഗരവാസികള്‍ക്കുള്ളത്. ഇപ്പോള്‍ നഗരത്തില്‍ രാത്രി ജീവിതം ആസ്വദിക്കണമെങ്കില്‍ എന്തെങ്കിലും ആഘോഷങ്ങളോ പരിപാടികളോ ഉണ്ടാകണം. അല്ലാത്ത സമയങ്ങളില്‍ രാത്രി നഗരം അത്ര സുരക്ഷിതമല്ല എന്ന ആശങ്ക മിക്കവര്‍ക്കുമുണ്ട്. മാനവീയം വീഥിയെ നൈറ്റ് ലൈഫ് കേന്ദ്രമാക്കിയപ്പോള്‍ ഇതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത് ഈയൊരു കാരണത്താലാണ്. എന്നാല്‍ ആ സന്തോഷവും അധികം വൈകാതെ ഇല്ലാതാകുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.
Content Highlights: police to intensify surveillance on manaveeyam veedhi, thiruvananthapuram
Published: 05 Nov 2023, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented