ചാവക്കാട്: ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞ്  പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ  ക്രിസ്മസ് കരോൾ പാടുന്നത് പോലീസ് വിലക്കി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പള്ളിയങ്കണത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ തുടങ്ങാനിരുന്ന കരോൾ ഗാനമാണ് പോലീസ് എത്തി തടഞ്ഞത്. 

To advertise here,

പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ വേദിയൊരുക്കി അതിന് മുകളിലാണ് കരോൾ പാടാൻ സജ്ജമാക്കിയിരുന്നത്. ഒമ്പത് മുതൽ 10 വരെയാണ് ഇത് നടത്താനിരുന്നത്. കരോൾ നടത്തിയാൽ വേദിയിലൊരുക്കിയ നക്ഷത്രങ്ങളും മറ്റും വലിച്ചെറിയുമെന്ന് എസ്.ഐ. വിജിത്ത് ഭിഷണിപ്പെടുത്തിയതായി തീർഥകേന്ദ്രം ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.  ക്രിസ്മസ് തിരുകർമ്മങ്ങൾക്കായി സീറോ മലബാർ അധ്യഷൻ മാർ റാഫേൽ തട്ടിൽ തീർഥ കേന്ദ്രത്തിൽ എത്തുന്നതിന് മുമ്പായിരുന്നു സംഭവം. 

ഇടവക അംഗങ്ങളിൽ ചിലർ കേന്ദ്രമന്ത്രി  സുരേഷ് ഗോപിയെ ഫോണിൽ വിളിച്ചതിനെ തുടർന്ന് എസ്.ഐ.യ്ക്ക്  ഫോൺ നൽകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാൻ എസ്.ഐ. തയ്യാറായില്ലെന്ന് പറയുന്നു. തുടർന്ന് ഉന്നത പോലീസ് അധികാരികളെ  സുരേഷ് ഗോപി വിളിച്ചെങ്കിലും കരോൾ ഗാനത്തിന് പോലീസ് അനുമതി നൽകിയില്ല. പള്ളിയങ്കണത്തിലായതിനാലാണ് മൈക്ക് അനുമതി തേടാതിരുന്നതെന്ന്  ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. വർഷങ്ങളായി പതിവുള്ള പരിപാടി  ആണെന്നും ആദ്യമായാണ് മുടങ്ങുന്നതെന്നും ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.