തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വഴി ലഭിക്കുന്ന വരുമാനം നിരോധിത സംഘടനകള്‍ക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്റെ വെബ്സൈറ്റിലുണ്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അവകാശവാദത്തെ തള്ളി പോലീസ്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ അങ്ങനെയൊരു വിവരം സംസ്ഥാന പോലീസിന്റെ വെബ്‌സൈറ്റില്‍ ഇല്ലെന്നാണ് പോലീസ് പത്രകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

To advertise here,

മുഖ്യമന്ത്രിയെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ പരാമര്‍ശം നടത്തിയിരുന്നത്. 'മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാനത്ത സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാമര്‍ശിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ വിറ്റുകിട്ടുന്ന പണം നിരോധിത സംഘടനകള്‍ക്കായി വിനിയോഗിക്കുകയാണെന്ന് പോലീസ് വെബ്സൈറ്റില്‍ പറയുന്നു' ഇതായിരുന്നു ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ഒരു ഘട്ടത്തിലും ഇത്തരമൊരു പരാമര്‍ശം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.'സ്വര്‍ണവും കറന്‍സിയും പിടിച്ചെടുത്തതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ് കാലയളവ് തിരിച്ചുള്ള വിശദാംശങ്ങളോടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്' പോലീസ് അറിയിച്ചു.

മലപ്പുറവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രസ്താവനയില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായതിനിടെയാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. 

സ്വര്‍ണക്കടത്തിലെയും ഹവാല ഇടപാടുകളിലെയും പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രിയുടേതായി 'ദ ഹിന്ദു' അഭിമുഖത്തില്‍വന്ന പരാമര്‍ശത്തില്‍ ഗവര്‍ണര്‍ നേരത്തേ വിശദീകരണം ചോദിച്ചിരുന്നു.

ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നതരത്തില്‍ താന്‍ പരസ്യപ്രസ്താവന നടത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറപടി നല്‍കുകയുണ്ടായി. തെറ്റായി അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ 'ദ ഹിന്ദു' പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തനാകാതിരുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ കണ്ടിരുന്നു.

ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ആദ്യം അറിയിക്കേണ്ടത് തന്നെയാണെന്നാണ് ബുധനാഴ്ച വൈകീട്ട് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍വെച്ച് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി പറയാത്തതാണ് പ്രസിദ്ധീകരിച്ചതെങ്കില്‍ എന്തുകൊണ്ട് പത്രത്തിനെതിരേ കേസുകൊടുക്കുന്നില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനെ എന്തിനാണ് ഇരുട്ടില്‍നിര്‍ത്തിയത്. ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. 20 ദിവസത്തിനുശേഷമാണ് കത്തിന് മുഖ്യമന്ത്രി മറുപടിനല്‍കിയതെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. ഇതിനിടെയാണ് അദ്ദേഹം പോലീസ് വെബ്‌സൈറ്റില്‍ ഇത്തരമൊരു വിവരമുണ്ടെന്ന പരാമര്‍ശം നടത്തിയത്. അതിനാണ് പോലീസ് മറുപടി നല്‍കിയിട്ടുള്ളത്.