
മുണ്ടക്കയം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനുചെന്ന പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ, അവർ തിരികെ ജീവിതത്തിലേക്ക്. മുണ്ടക്കയം തെക്കേമല കാനമ്മല പുതുപ്പറമ്പിൽ നബീസ(70)യെയാണ് പോലീസ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ.
ഭർത്താവ് മരിച്ചശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന നബീസയെ രണ്ടുദിവസമായി പുറത്ത് കാണാതിരുന്നതിനെത്തുടർന്ന് ബുധനാഴ്ച വൈകീട്ട് അയൽവാസികൾ തിരക്കി വീട്ടിലെത്തി. വാതിൽ തുറന്നുകിടക്കുകയായിരുന്നു. കട്ടിലിനുതാഴെ നബീസയെ അനക്കമറ്റനിലയിൽ കണ്ടെത്തി.
വിവരം പെരുവന്താനം പോലീസിൽ അറിയിച്ചു. എസ്.എച്ച്.ഒ. ത്രിദീപ് ചന്ദ്രന്റെ നിർദേശപ്രകാരം, എസ്.ഐ. കെ.ആർ.അജേഷിന്റെ നേതൃത്വത്തിൽ പോലീസ് രാത്രി ഒൻപതോടെ കാനമ്മലയിലേക്ക് പുറപ്പെട്ടു. സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള അവിടേക്കുള്ള യാത്രയിൽ കാട്ടാന വഴിയിൽ തടസ്സമുണ്ടാക്കി. ഉടൻ പോലീസ് വനപാലകരെ വിവരമറിയിച്ചു. അവർ എത്തിയപ്പോഴേക്കും ആന ഉൾവലിഞ്ഞു.
വീട്ടിലെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെ, നബീസയ്ക്ക് ജീവനുണ്ടെന്ന് അജേഷിന് സംശയം തോന്നി. ജീവനുണ്ടെന്നുറപ്പായതോടെ, എസ്.ഐ. മുഹമ്മദ് അജ്മൽ, പോലീസുകാരായ ആദർശ്, ഷെരീഫ് എന്നിവർചേർന്ന് പുതപ്പിൽ പൊതിഞ്ഞ് ഇവരെ എടുത്ത് പോലീസ് ജീപ്പിൽ എത്തിച്ചു. തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രമേഹം കൂടിയതിനെത്തുടർന്നാണ് അബോധാവസ്ഥയിലായതെന്നും, കുറച്ചുസമയംകൂടി കഴിഞ്ഞിരുന്നെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ആശുപത്രിയധികൃതർ പറഞ്ഞു. അപകടനില തരണംചെയ്തതായി പോലീസ് പറയുന്നു. വിവാഹിതരായ രണ്ട് പെണ്മക്കൾ ഇവർക്കുണ്ട്.
Content Highlights: Police came to inquest the woman, who was thought to be dead, found her alive
Published: 13 Dec 2024, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented