തിരുവനന്തപുരം: വേതനവര്‍ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് കവി കെ. സച്ചിദാനന്ദന്‍. ആശാവര്‍ക്കര്‍മാരുടെ സമരം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും കേരളത്തിലെ അല്‍പമെങ്കിലും ഹൃദയശാലിത്തമുള്ള എല്ലാ മനുഷ്യരും ആശാവര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവമുള്ളവരാണെന്നും  പറഞ്ഞു. 

To advertise here,

''അനുഭാവം പരസ്യമായി പ്രകടിപ്പിക്കാത്ത ആളുകള്‍ക്കു പോലും ഉള്ളില്‍ അവരോട് അനുഭാവമുണ്ട്. പലയാളുകളും പല കാരണങ്ങളാല്‍ സത്യങ്ങള്‍ പറയുന്നില്ല. ഒരു സമരം നടക്കുമ്പോള്‍, അത് ആരു തന്നെ നടത്തിയാലും. അവരുടെ ആവശ്യങ്ങളില്‍ അല്‍പമെങ്കിലും ന്യായമുണ്ടെങ്കില്‍ സമരം ചെയ്യുന്ന ആളുകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും കഴിയുന്ന തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയുമാണ് വേണ്ടത്. ഏത് ജനാധിപത്യ സര്‍ക്കാരും ചെയ്യുന്നതുപോലെ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകിച്ചും ചെയ്യേണ്ടതുപോലെ ഈ തൊഴിലാളികളെ അധിക്ഷേപിക്കുകയോ അവരെ പരുഷമായ പുരുഷ ഭാഷയില്‍ ശകാരിക്കുകയോ അവര്‍ ഒരു ന്യൂനപക്ഷമാണ് എന്ന് ചൂണ്ടിക്കാണിച്ച് അവരെ അപഹസിക്കുകയോ അല്ലാതെ അവരെ യഥാര്‍ഥമായ ഒരു ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ് വേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

നേരത്തേ ആശാവര്‍ക്കര്‍മാരെ അനുകൂലിച്ച് സച്ചിദാനന്ദന്റെ ഒരു ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ആക്ടിവിസ്റ്റുകള്‍ ഭാഗമായ ഒരുവാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ താന്‍ പങ്കുവെച്ച സന്ദേശമാണ് പുറത്തുവന്നതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.