
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വന്‍ സുരക്ഷയാണ് ഒരുക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയത്.
രാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30-ന് മോദി വിഴിഞ്ഞത്തെത്തും. എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10.00 മണി വരെയും വെള്ളിയാഴ്ച രാവിലെ 6.30 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ഇങ്ങനെയാണ്:
വ്യാഴാഴ്ച ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 10.00 മണി വരെ ശംഖുംമുഖം- ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്‌ക്വയര്‍-വെള്ളയമ്പലം- മ്യൂസിയം കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
വെള്ളിയാഴ്ച രാവിലെ 06.30 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ കവടിയാര്‍-വെള്ളയമ്പലം-ആല്‍ത്തറ-ശ്രീമൂലം ക്ലബ്-ഇടപ്പഴിഞ്ഞി-പാങ്ങോട് മിലിറ്ററി ക്യാമ്പ്-പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
കൂടാതെ വ്യാഴം, വെള്ളി തീയതികളില്‍ ശംഖുംമുഖം- വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കല്‍ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് -ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്- തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം - തമ്പാനൂര്‍ ഫ്‌ലൈഓവര്‍ - തൈയ്ക്കാട്- വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് മേട്ടുക്കട - തമ്പാനൂര്‍ ഫ്‌ലൈഓവര്‍-തമ്പാനൂര്‍ - ഓവര്‍ ബ്രിഡ്ജ്- കിഴക്കേകോട്ട - മണക്കാട് - കമലേശ്വരം - അമ്പലത്തറ -തിരുവല്ലം -വാഴമുട്ടം -വെള്ളാര്‍ -കോവളം - പയറുംമൂട് - പുളിങ്കുടി-മുല്ലൂര്‍ -മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം - കുമരിച്ചന്ത കല്ലുമൂട് - ചാക്ക - ആള്‍സെയ്ന്റ്‌സ് - ശംഖുംമുഖം റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡില്‍വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.
വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍ ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം- ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം. ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാം.
Content Highlights: pm modi inaugurates vizhinjam port reached in trivandrum
Published: 01 May 2025, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented