പത്തനംതിട്ട: എസ്എഫ്‌ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. എസ്എഫ്‌ഐ ക്ഷുഭിതയൗവ്വനത്തെ കൂടെനിര്‍ത്തുകയാണെന്നും എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയിലിരിക്കെയായിരുന്നു പി.ജെ. കുര്യന്റെ വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

To advertise here,

''യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുണ്ട്. അദ്ദേഹത്തെ വലപ്പോഴുമൊക്കെ ടിവിയിലൊക്കെ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല. എസ്എഫ്‌ഐയുടെ സമരം നിങ്ങള്‍ കണ്ടില്ലേ. യൂണിവേഴ്‌സിറ്റിയില്‍ ചെന്ന്, അഗ്രസീവായ യൂത്തിനെ അവര്‍ അവരുടെ കൂടെനിര്‍ത്തുന്നു'', പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പി.ജെ. കുര്യന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സിപിഎമ്മിന്റെ സംഘടനാസംവിധാനം അടിയുറച്ചതാണ്. ഓരോ മണ്ഡലത്തിലും 25 പ്രവര്‍ത്തകരെയെങ്കിലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കില്‍ മൂന്ന് സീറ്റിലെങ്കിലും വിജയിക്കാമായിരുന്നെന്നും കുര്യൻ പറഞ്ഞു. അടൂര്‍പ്രകാശ് അടക്കമുള്ള നേതാക്കള്‍ തന്റെ അഭിപ്രായം അവഗണിച്ചു. ഇത്തവണയും സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ വലിയ പരാജയം കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.