കൊച്ചി: എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് സൂചന.
അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെയാണ് പോലീസില്‍ വീണ്ടും ആത്മഹത്യ. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് (36) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയിരുന്നു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.
അതിനിടെ, ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണ് പോലീസുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് എസ്.പി. മാധ്യമങ്ങളെ കണ്ടത്. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്.
2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. പറഞ്ഞത്. സംഭവം വിശദമായി അന്വേഷിക്കാന്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )
Content Highlights: piravom station senior civil police officer biju found dead suspects suicide
Published: 17 Dec 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented