
അഞ്ചരക്കണ്ടി (കണ്ണൂർ): നിങ്ങളുടെ നാട്ടുകാരിലൊരാൾ അയച്ച കത്താണ് കാടുപിടിച്ചുകിടക്കുന്ന ഈ സ്ഥലത്ത് വലിയൊരു സ്ഥാപനം വരാൻ കാരണമായതെന്ന് പറഞ്ഞ് ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ സദസ്സിൽ ആകാംക്ഷ. ഇത്രയും സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്നും നാട്ടുകാർക്ക് ബുദ്ധിമുട്ടാകുകയാണെന്നുമുള്ള കത്തിലെ വരികൾ ഓർത്തെടുത്ത മുഖ്യമന്ത്രി, കത്തയച്ചത് ഒരു സ്ത്രീയാണെന്നാണ് തന്റെ ഓർമ്മയെന്ന് പറഞ്ഞപ്പോൾ സദസ്സിൽനിന്ന് കുറുവ യുപി സ്കൂളിലെ മുൻ അധ്യാപിക പി.സി.സുജാത എഴുന്നേറ്റുനിന്നു. നിങ്ങളാണോ ആ കത്തയച്ചതെന്നായി പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി. നാടിന്റെ പ്രശ്നങ്ങളിൽ ഇടപെട്ടതിന് സുജാതയെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ അവരെത്തി മുഖ്യമന്ത്രിയോട് നന്ദിപറഞ്ഞു.
വർഷങ്ങളായി കാടുപിടിച്ച്, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ താവളമായിക്കിടന്ന നാലരയേക്കറിൽ വലിയൊരു സ്ഥാപനം വരാൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് സുജാതയിപ്പോൾ. ‘‘മുഖ്യമന്ത്രി കത്തിലെ വരികളൊക്കെ ഓർത്തെടുത്ത് പറഞ്ഞപ്പോൾ അദ്ഭുതപ്പെട്ടുപോയി’’
മുൻപ് പരിസരവാസികൾ പച്ചക്കറിക്കൃഷി ചെയ്യാനും കാലികളെ മേയ്ക്കാനുമെല്ലാം ആശ്രയിച്ചിരുന്ന ഭൂമി പോലീസ് ഏറ്റെടുത്തതോടെയാണ് കാടുമൂടിയത്. പോലീസ് പിടികൂടുന്ന വാഹനങ്ങളുടെ താവളമായി ഇവിടംമാറി. നൂറുകണക്കിന് വാഹനങ്ങൾക്കൊപ്പം കാടുവളർന്നു. തെരുവുനായ്ക്കളും കാട്ടുപന്നികളും അങ്ങോട്ടേക്ക് കുടിയേറി. ഇതോടെയാണ് തൊട്ടടുത്ത് ‘സായുജ്യം’ വീട്ടിൽ താമസിക്കുന്ന സുജാതയ്ക്കും കുടുംബത്തിനും ബുദ്ധിമുട്ടേറിയത്. പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയെ കണ്ടു. അതോടെയാണ് പ്രദേശം ശുചീകരിക്കാൻ തുടങ്ങിയത്.
ഇതിനുശേഷമാണ് അവർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷിന് സ്ഥലത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അയച്ചുനൽകുകയും ചെയ്തു.
തുടർന്നാണ് ഇവിടെ തള്ളിയ വാഹനങ്ങൾ ലേലംചെയ്യാനും സ്ഥലം വികസനപ്രവർത്തനങ്ങൾക്കായി വിട്ടുനൽകാനുമുള്ള നടപടികൾ വേഗത്തിലായത്. കാടുപിടിച്ച് കിടന്ന നാലരയേക്കറിൽ രാജ്യത്തുതന്നെ ആദ്യമായൊരു ഫയർ ആൻഡ് സേഫ്റ്റി ഗവേഷണകേന്ദ്രം വരുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാരും.
Content Highlights: fire and safety research centre womans letter pinarayi vijayan
Published: 05 Jan 2026, 07:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented