തിരുവനന്തപുരം: മെസ്സിയെ കൊണ്ടുവരുന്നതിനായി ഉണ്ടാക്കിയ കരാറും പണമിടപാടും സംബന്ധിച്ച വിവാദങ്ങൾക്കിടെ, സ്പോൺസറുടെ വാദം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി.
കേരളത്തിൽ ടീം കളിക്കാനെത്തുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ടെന്നായിരുന്നു സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ ആഗസ്റ്റിൻ പറഞ്ഞത്. എന്നാൽ, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തനിക്ക് അങ്ങനെയൊരു കത്തയച്ചിട്ടില്ലെന്ന് പിണറായിവിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മെസ്സിയും സംഘവും വരണമെന്ന് നാട് ആഗ്രഹിച്ചിരുന്നു. പക്ഷേ, അവർക്ക് അവരുടേതായ കാരണത്താൽ വരാനായില്ല. അതിന്റെമേൽ എന്ത് അന്വേഷണം നടത്താനാണ്. ഇത് സംബന്ധിച്ച് അന്നത്തെ മന്ത്രി വി. അബ്ദുറഹ്‌മാൻ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലൂർ സ്റ്റേഡിയം വിട്ടുകൊടുക്കാൻ തീരുമാനിച്ചത് അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള അറ്റകുറ്റപ്പണികൾക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയായിരുന്നയാൾ സാധാരണഗതിയിൽ അറിയണമെന്നില്ല. അത്രയും വിഷയം ഞാൻ മനസ്സിലാക്കിയിട്ടുമില്ല. എന്തായാലും ഇടപാടുകളിൽ യാതൊരു ക്രമക്കേടുമില്ല. അന്വേഷണംനടത്തുമ്പോൾ കാര്യം ബോധ്യപ്പെടുമല്ലോ -പിണറായി പറഞ്ഞു.
അതേസമയം, മന്ത്രിയായിരുന്നപ്പോൾ വി. അബ്ദുറഹ്‌മാൻ സ്‌പെയിൻ സന്ദർശിച്ചതിനെ പിണറായി ന്യായീകരിച്ചു. മന്ത്രിക്ക് പോകാൻ അർജന്റീനയുമായി കരാറൊന്നും വേണ്ടാ. നാട്ടിലാകെ വല്ലാതെ പ്രശ്‌നമുണ്ടാകുമ്പോൾ കുറച്ചു പ്രശ്‌നം തിരിച്ചുമിരിക്കട്ടെ എന്ന ആലോചനയൊക്കെ മറുഭാഗത്തുണ്ടാകും. അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒൻപതു കോടി ജി.എസ്.ടി. അടച്ചില്ല; അന്വേഷണം അട്ടിമറിച്ചു
തിരുവനന്തപുരം: മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒൻപതു കോടിയുടെ ജി.എസ്.ടി. അടച്ചില്ലെന്ന് കണ്ടെത്തൽ. അർജന്റീനാ ടീമിനെ കൊണ്ടുവരുന്നതിന് ആദ്യഘട്ടത്തിൽ വിദേശത്തേക്കു കൈമാറിയ 50 കോടി രൂപയ്ക്ക് ജി.എസ്.ടി. ഇനത്തിൽ ഒൻപതു കോടി അടയ്ക്കണമെന്നായിരുന്നു 2025-ൽ ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണംനടത്താൻ അന്ന് ധനകാര്യവകുപ്പ് തയ്യാറായില്ല. രാഷ്ട്രീയബന്ധമുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരും വകുപ്പിലെ ഉന്നതരും ഇടപെട്ടതിനാലാണിതെന്നാണ് സൂചന.
വിദേശത്തേക്ക് പണം അയച്ചതിനാൽ റിവേഴ്‌സ് ചാർജ് വിഭാഗത്തിൽപ്പെടുത്തി നികുതി അടയ്ക്കണം. ജി.എസ്.ടി. വകുപ്പ് കമ്പനിക്ക് സമൻസ് അയച്ചെങ്കിലും തുടരന്വേഷണം ഉന്നതതലത്തിലെ നിർദേശത്തെത്തുടർന്ന് മരവിപ്പിച്ചു. കേസെടുത്ത കാഞ്ഞങ്ങാട്ടെ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് മാറ്റുകയുംചെയ്തിരുന്നു. യു.ഡി.എഫ്. അധികാരത്തിലെത്തിയതോടെ കൈമാറിയ മുഴുവൻതുകയ്ക്കും നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഉത്തരവാദിത്വം സ്‌പോൺസർക്ക്; കായികവകുപ്പിന്റെ കത്ത്
തിരുവനന്തപുരം: മെസ്സിയുടെ സന്ദർശനം അനിശ്ചിതത്വത്തിലായപ്പോൾ, കരാർലംഘനത്തിന് നടപടി നേരിടേണ്ടിവരുമെന്നു കാണിച്ച് അന്ന് കായികവകുപ്പ്, സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കത്തയച്ചിരുന്നു. കമ്പനി വിശ്വാസവഞ്ചന നടത്തുകയാണെന്ന് ആരോപിച്ച് 2025 ഏപ്രിൽ 25-നാണ് കായികമന്ത്രിയുടെ ഓഫീസ് കത്തയച്ചത്. അർജന്റീനാ ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടശേഷം സ്പോൺസർ തുടർനടപടിയെടുത്തില്ല. മന്ത്രിയും കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി.യും പങ്കെടുത്ത യോഗത്തിലാണ് സ്പോൺസർഷിപ്പ് നൽകാൻ തീരുമാനിച്ചതെന്ന് കത്തിൽ പറയുന്നുണ്ട്. കരാർലംഘനത്തിന് കമ്പനിമാത്രമായിരിക്കും ഉത്തരവാദികളെന്നാണ് കത്തിലുള്ളത്.
Content Highlights: Pinarayi Vijayan denied receiving any letter from the Argentina Football Association regarding the team's visit to Kerala.
Published: 13 Aug 2026, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented