ആലപ്പുഴ: റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഇടപെട്ടെന്നാരോപിച്ച് ആലപ്പുഴ ഡിവൈഎസ്‌പി മുഖ്യമന്ത്രിക്കു പരാതി നൽകി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിനെതിരേ ആലപ്പുഴ ഡിവൈഎസ്‌പി മധുബാബുവാണ് പരാതി നൽകിയത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ 26-ാം പേരുകാരനാണ് അഡ്വ. പ്രശാന്ത് വി. കുറുപ്പ്. ഒരു കൊലക്കേസിൽ ഇദ്ദേഹത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കാൻ വി.ജി. വിനോദ് കുമാർ ശുപാർശക്കത്തു നൽകിയത് അച്ചടക്കലംഘനവും ചട്ടവിരുദ്ധവുമാണ്. പ്രശാന്തിനെതിരേ മൂന്നു ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ടെന്നും പരാതിയിൽ പറയുന്നു.
വാഹനാപകടക്കേസുകൾമാത്രം കൈകാര്യം ചെയ്യുന്ന പ്രശാന്ത് വി. കുറുപ്പിനെ കൊലക്കേസ് ഏൽപ്പിക്കുന്നത് തെറ്റാണെന്നും പരാതിയിലുണ്ട്. പത്തനംതിട്ട ഇൻസ്പെക്ടറായിരിക്കുമ്പോൾ മധുബാബു അന്വേഷിച്ച കൊലക്കേസാണിത്. പ്രതികളെ കുറ്റവിമുക്തരാക്കി കുറ്റം തന്നിൽ ആരോപിക്കാനാണ് ശ്രമമെന്നും മധുബാബു പരാതിയിൽ ഉന്നയിക്കുന്നു.
പരാതി അടിസ്ഥാനരഹിതം
പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അഡ്വ. പ്രശാന്ത് വി. കുറുപ്പ് പ്രതികരിച്ചു. തനിക്കെതിരേയുള്ള കേസുകൾ പത്തനംതിട്ട ഇൻസ്പെക്ടറായിരിക്കുമ്പോൾ വ്യക്തിവിരോധംമൂലം മധുബാബു എടുത്തതാണ്. കൊല്ലപ്പെട്ടയാളിന്റെ സഹോദരന്മാരാണ് താൻ സ്പെഷ്യൽ പ്രോസിക്യൂട്ടറാകണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നത്. ഈ കേസ് അട്ടിമറിക്കാൻ മധുബാബുവാണ് ശ്രമം നടത്തിയത്. താൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായാൽ അട്ടിമറി വെളിയിൽവരുമെന്നും നടപടി നേരിടേണ്ടിവരുമെന്നും മനസ്സിലാക്കിയാണ് ഇപ്പോൾ അടിസ്ഥാനരഹിതമായ പരാതി നൽകിയതെന്നും പ്രശാന്ത് പറഞ്ഞു.
പരാതി കോടതിവിധിക്കെതിരേ
2013-ലെ കൊലക്കേസിൽ വിചാരണ വൈകുന്നതിനാൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വാദിഭാഗം അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആസ്ഥാനത്തേക്ക് പേരു നിർദേശിക്കുക മാത്രമാണുണ്ടായത്. തീരുമാനം ഉണ്ടാകാതിരുന്നപ്പോൾ വാദിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് പ്രോസിക്യൂട്ടറുടെ പേരു നിർദേശിച്ചത്. ഡിവൈഎസ്‌പിയുടെ പരാതി കോടതിവിധിക്കെതിരേയാണ്.
-വി.ജി. വിനോദ് കുമാർ,
ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട
Content Highlights: person from rowdy list as special prosecutor sp blamed
Published: 30 Jun 2025, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented