ആരു വിജയിച്ചാലും അധികം ഭൂരിപക്ഷം പ്രതീക്ഷിക്കരുത് എന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ വ്യക്തമാക്കിയത്. മുന്നണി വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീണാലും നിഷ്പക്ഷ വോട്ടര്‍മാരാകും വിധി നിര്‍ണയിക്കുക.

പെരിന്തൽമണ്ണ: മുസ്ലിംലീഗും സി.പി.എമ്മും തുല്യ ശക്തികളെപ്പോലെ മത്സരിക്കുന്ന പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ ഇത്തവണ ലീഗിലെ എം.എൽ.എ. നജീബ് കാന്തപുരത്തിനെതിരേ സി.പി.എമ്മും ഒരു യുവ നേതാവിനെ രംഗത്തിറക്കാനുള്ള അവസാനവട്ട ചർച്ചകളിലാണ്.
ഡി.വൈ.എഫ്.ഐ. നേതാവും യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്ററുമായ കെ. ശ്യാം പ്രസാദ് മത്സരരംഗത്ത് എത്തിയേക്കുമെന്നാണ് സൂചന. ചില ഘടകകക്ഷി നേതാക്കൾ മുൻ എം.എൽ.എ. വി. ശശികുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സി.പി.എം. നേതൃത്വം ശ്യാംകുമാറിന് തന്നെയാണ് ആദ്യ പരിഗണന നൽകുന്നത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമിന് യുവ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പാർട്ടി ശ്യാമിലേക്ക് ചർച്ചകൾ കേന്ദ്രീകരിക്കുന്നത്. ചുരുക്കത്തിൽ നജീബ് കാന്തപുരത്തിനെതിരേ കെ. ശ്യാം കുമാറോ വി. ശശികുമാറോ ആയിരിക്കും ഇത്തവണ മത്സരരംഗത്തുണ്ടാവുക.
മണ്ഡലചരിത്രം
1956-ൽ ഐക്യകേരളം രൂപവത്കരിച്ചശേഷം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 1957-ലാണ് പെരിന്തൽമണ്ണ നിയോജകമണ്ഡലം രൂപവത്കരിച്ചത്. 1957 മുതൽ 1969-ൽ മലപ്പുറം ജില്ല രൂപവത്ക്കരിക്കുന്നതുവരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്ക് പ്രദേശങ്ങളും പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളും അടങ്ങുന്നതായിരുന്നു മണ്ഡലം. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നപ്പോൾ നടന്ന നാല് തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു വിജയം. പക്ഷേ 1970 മുതൽ 2001-ൽ നടന്ന തിരഞ്ഞെടുപ്പ് വരെ എട്ട് തിരഞ്ഞെടുപ്പുകളിൽ പിന്നീട് പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് വിജയം നൽകി. കെ.കെ.എസ്. തങ്ങൾ രണ്ട് തവണയും നാലകത്ത് സൂപ്പി ആറ് തവണയും പെരിന്തൽമണ്ണയിൽനിന്ന് വിജയിച്ചു. 2006-ൽ വി. ശശികുമാറാണ് മുസ്‌ലിം ലീഗിന്റെ ജൈത്രയാത്രയ്ക്ക് തടയിട്ട് മണ്ഡലം തിരിച്ചുപിടിച്ചത്. 2011-ൽ ഇടതുപാളയത്തിൽനിന്ന് മഞ്ഞളാംകുഴി അലിയെ ലീഗിലെത്തിച്ച് വി. ശശികുമാറിനെതിരേ മത്സരരംഗത്തിറക്കിയ അപ്രതീക്ഷിത നീക്കത്തിലൂടെ മുസ്ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 2016-ൽ ഒരിക്കൽ കൂടി മഞ്ഞളാംകുഴി അലിക്കെതിരേ സി.പി.എം. ശശികുമാറിനെ മത്സരിപ്പിച്ചെങ്കിലും 579 വോട്ടിന് പരാജപ്പെട്ടു. ആയിരത്തിൽത്താഴെ വരുന്ന ഭൂരിപക്ഷത്തിന്റെ മത്സരം അന്ന് മുതലാണ് തുടങ്ങുന്നത്. ഭൂരിപക്ഷം നൂറിലും താഴേക്കുപോയ 2021-ൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം ജയിക്കുന്നത് 38 വോട്ടിനാണ്.
2026-ൽ ആരൊക്കെ?
ഒരു സർവേക്കും വ്യക്തമായി പ്രവചിക്കാൻപറ്റാത്ത മണ്ഡലം എന്നതുതന്നെയാണ് പെരിന്തൽമണ്ണ മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി പെരിന്തൽമണ്ണ നഗരസഭ പിടിക്കാനായത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ഒപ്പം ആറ് പഞ്ചാകളിലും യു.ഡി.എഫ്. തന്നെയാണുള്ളത്. തദ്ദേശത്തിലെ യു.ഡി.എഫ്. തരംഗം താത്കാലികമാണെന്നാണ് സി.പി.എം. കണക്ക് കൂട്ടൽ. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത അടിയേറ്റ് ഉണർന്നെണീറ്റ പാർട്ടി സംവിധാനം യുവ നേതാവായ ശ്യാം പ്രസാദിനെയോ മുൻ എം.എൽ.എ. ആയ വി. ശശികുമാറിനെയോ രംഗത്തിറക്കി ശക്തമായ പ്രചാരണം നടത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ്. 38 വോട്ടിന് ജയിച്ച നജീബ് കാന്തപുരം കൂടുതൽ ജനകീയത നേടിക്കഴിഞ്ഞിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിൽ ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ട് ഒരു വിജയമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. അണിയറ ചർച്ചകൾക്കുശേഷം മത്സരചിത്രം എന്താകുമെന്ന് കാത്തിരുന്നുതന്നെ കാണാം.
Content Highlights: Detailed analysis of the political scenario in the Perinthalmanna constituency., Highlights the CPM's strategy of potentially fielding a youth leader against the incumbent MLA., Provides a historical overview of the constituency's shifting political allegiances., Focuses on the key candidates and the razor-thin victory margins of past elections.
Published: 04 Mar 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented