തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ സൗരോർജം ഉപയോഗിക്കുന്ന ഗ്രാമപ്പഞ്ചായത്തായ പെരിഞ്ഞനം പുതിയൊരു കാൽവെപ്പിനൊരുങ്ങുകയാണ്. ഇവിടെ വീടുകളിലും കെട്ടിടങ്ങളിലും പ്രതിമാസം ഉത്പാദിപ്പിക്കുന്ന 3.16 മെഗാവാട്ട് സൗരോർജം സ്വന്തം നിലയിൽ സംഭരിച്ച് വില കൂടുതലുള്ള രാത്രിസമയത്ത് വൈദ്യുതിവകുപ്പിന് വിൽക്കാനുള്ള പൈലറ്റ് പദ്ധതിയാണ് നടപ്പാക്കുന്നത്. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്) എന്നാണ് പേര്. ഇതിനായി ഒരു വമ്പൻ ലിഥിയം ബാറ്ററിയിൽ പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജം സംഭരിക്കും. പദ്ധതിക്കായി കേരള സർക്കാർ രണ്ടു കോടി രൂപ അനുവദിച്ചു. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.
ഇപ്പോൾ നേരിട്ടുള്ള സൗരോർജ വിതരണത്തിൽ വൈദ്യുതിവകുപ്പ് ഒരു യൂണിറ്റിന് ശരാശരി 3.04 രൂപയാണ് നൽകുന്നത്. ഏറ്റവും ചെലവേറിയ സമയത്ത് സൗരോർജം നൽകിയാൽ യൂണിറ്റിന് ഏഴു രൂപ കിട്ടും.
പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് സൗരോർജ വിപ്ലവത്തിന് തുടക്കമിട്ടത് 2018-ലാണ്. സി.പി.എം. നേതാവും അന്ന് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ. സച്ചിത് ആണ് പദ്ധതിയുടെ ശിൽപി. വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് ഊർജ സ്വയംപര്യാപ്തത സൃഷ്ടിച്ചു. 500 കിലോവാട്ടിന്റെ പദ്ധതി എത്തിനിൽക്കുന്നത് പ്രതിമാസം 3.16 മെഗാവാട്ട് സൗരോർജോത്പാദനത്തിൽ. പഞ്ചായത്തിലെ 860 വീടുകളും നൂറിലേറെ സ്ഥാപനങ്ങളും പങ്കാളികളായി. ഇവർക്ക് പെരിഞ്ഞനം സഹകരണ ബാങ്ക് ഈടില്ലാ വായ്പ നൽകി. നാലു വർഷംകൊണ്ട് എല്ലാവരും വായ്പ അടച്ചുതീർത്തു. ഇപ്പോൾ വരുമാനം കിട്ടുന്നുണ്ട്. സർക്കാർ സ്‌കൂളിന് മുകളിലെ പാനലിൽനിന്ന് ഉത്പാദിപ്പിക്കുന്ന 9.5 കിലോവാട്ട് വൈദ്യുതിയിലാണ് പഞ്ചായത്തിലെ 800 വഴിയോര വൈദ്യുത വിളക്കുകൾ പ്രകാശിക്കുന്നത്. ഇതുവഴി വഴിയോര വിളക്കിനായി ചെലവഴിച്ചിരുന്ന വൈദ്യുതിപ്പണം 90,000-ത്തിൽനിന്ന് 32,000 ആയി.
Content Highlights: Perinjanam is India's leading solar energy panchayat, generating 3.16 MW monthly., Launching India's first Battery Energy Storage System (BESS) pilot project., The project aims to store solar power and sell it at higher peak-hour rates., It showcases a successful, community-driven model for energy self-sufficiency and revenue.
Published: 26 Feb 2026, 08:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented