പേരാമ്പ്ര : കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾമൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കുനേരേ കാർ ഓടിച്ചുകയറ്റി സാഹസിക അഭ്യാസപ്രകടനം നടത്തിയത് അതേ സ്കൂളിലെ പത്താംതരം വിദ്യാർഥിയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ കസ്റ്റഡിയിലെടുത്തു.

To advertise here,

ആർസി ഉടമയും വിദ്യാർഥിയും പോലീസ് സ്‌റ്റേഷനിലും ജോ. ആർടിഒ ഓഫീസിലും ഹാജരായി. വാഹന ഉടമയുടെ അടുത്തബന്ധുവാണ് വിദ്യാർഥിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്ക് സസ്പെൻഡ്‌ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജോ. ആർടിഒ ടി.എം. പ്രഗീഷ് വ്യക്തമാക്കി.

മനുഷ്യജീവന് അപായമുണ്ടാക്കുന്നവിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസും കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും കേസെടുക്കും. ലൈസൻസില്ലാത്ത വിദ്യാർഥിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ആർസി ഉടമയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ വ്യക്തമാക്കി. ലൈസൻസില്ലാതെ വാഹനം ഓടിച്ച വിദ്യാർഥിക്ക് 25 വയസ്സുവരെ ലൈസൻസ് നൽകരുതെന്ന ശുപാർശ ഗതാഗത കമ്മിഷണർക്ക് നൽകുമെന്നും ജോ. ആർടിഒ പറഞ്ഞു.

ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് സ്കൂൾ മൈതാനത്ത് ഫുട്‌ബോൾ പരിശീലനം നടത്തുകയായിരുന്ന കുട്ടികൾക്കിടയിലൂടെ അപായകരമായരീതിയിൽ കാർ ഓടിച്ചത്. കുട്ടികൾ നിൽക്കുന്നതിനിടയിലേക്ക് കാർ പലതവണ അതിവേഗത്തിൽ ഓടിച്ചുകയറ്റി. വാഹനത്തിന്റെ വരവുകണ്ട് കുട്ടികൾ ഭീതിയോടെ മൈതാനത്ത് ചിതറിയോടുകയായിരുന്നു.