പേരാമ്പ്ര: എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനെ എൽ.ഡി.എഫിന്റെ ഉറച്ചകോട്ടകളിലൊന്നായ പേരാമ്പ്രയിൽ വീഴ്ത്തിയത് പാർട്ടി ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽനിന്ന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതെപോയതാണെന്ന് വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നു. നൊച്ചാട്, മേപ്പയ്യൂർ, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതായതാണ് 5087 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ ഫാത്തിമ തഹിലിയക്ക് ജയിക്കാൻ വഴിയൊരുങ്ങിയത്.
അവസാനറൗണ്ടുകളിലെ ഈ പഞ്ചായത്തുകളിൽനിന്നായി പതിനായിരത്തോളം വോട്ടുകളുടെ മേൽക്കൈയുണ്ടാകുമെന്നായിരുന്നു എൽ.ഡി.എഫ്. പ്രതീക്ഷിച്ചിരുന്നത്. മുൻ നിയസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് മറ്റുപഞ്ചായത്തുകളിൽനിന്നെല്ലാമായി ലഭിക്കുന്ന ഭൂരിപക്ഷം മറികടക്കാൻ ഈ മേഖലയിലെ വോട്ടുകളാണ് എൽ.ഡി.എഫിനെ സഹായിക്കാറുള്ളത്. പക്ഷേ, ഇത്തവണ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ നൊച്ചാട്, മേപ്പയ്യൂർ, അരിക്കുളം പഞ്ചായത്തുകളിൽമാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാനായത്. ഇവിടങ്ങളിൽനിന്നെല്ലാമായി 3172 വോട്ട് മാത്രമേ യു.ഡി.എഫിനെക്കാൾ അധികമായി ലഭിച്ചുള്ളൂ.
ആയിരം വോട്ടെങ്കിലും ലീഡ് പ്രതീക്ഷിച്ചിരുന്ന ടി.പി. രാമകൃഷ്ണന്റെ ജന്മനാടുകൂടിയായ കീഴരിയൂർ പഞ്ചായത്തിൽ യു.ഡി.എഫിന് 47 വോട്ടിന്റെ മേൽക്കൈയുണ്ടായി. മേപ്പയ്യൂരിലും ടി.പി. രാമകൃഷ്ണൻ താമസിക്കുന്ന നൊച്ചാട് പഞ്ചായത്തിലും ചുരുങ്ങിയത് മൂവായിരം വോട്ട് വീതമെങ്കിലും പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് മേപ്പയ്യൂരിൽ 1272 വോട്ടിന്റെയും നൊച്ചാട് 1610 വോട്ടിന്റെയും ലീഡാണ് എൽ.ഡി.എഫിന് കിട്ടിയത്. അരിക്കുളത്ത് 290 വോട്ട് മാത്രമാണ് ലീഡ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര അസംബ്ലി പരിധിയിലെ പത്ത് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ച നാല് പഞ്ചായത്തുകളാണിവ.
ചങ്ങരോത്ത് 4766, ചക്കിട്ടപാറ 840, കൂത്താളി 471, പേരാമ്പ്ര 307, ചെറുവണ്ണൂർ 671, തുറയൂർ 1526 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫിന് ലഭിച്ച ലീഡ്. ചങ്ങരോത്തും പേരാമ്പ്രയിലുമെല്ലാം യു.ഡി.എഫ്. പ്രതീക്ഷിച്ച വോട്ടിൽ കുറവാണുണ്ടായത്. ചങ്ങരോത്ത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 6349 വോട്ട് ലീഡ് ലഭിച്ച സ്ഥലമാണ്. ഇത്തവണ യു.ഡി.എഫിന് 13,296 വോട്ടും എൽ.ഡി.എഫിന് 8,530 വോട്ടുമാണ് ചങ്ങരോത്ത് ലഭിച്ചത്. പേരാമ്പ്രയിൽ യു.ഡി.എഫിന് 11,192 വോട്ടും എൽ.ഡി.എഫിന് 10,885 വോട്ടും കിട്ടി. പേരാമ്പ്രയിലും ആയിരത്തിലേറെ വോട്ടെങ്കിലും യു.ഡി.എഫ്. അധികം പ്രതീക്ഷിച്ചതാണ്. എന്നിട്ടും ഫാത്തിമ തഹിലിയക്ക് വിജയത്തിന് വഴിയൊരുക്കിയത് എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളിലെ വോട്ടുചോർച്ചയാണ്.
പോസ്റ്റൽവോട്ടുകളിൽ 2063 വോട്ട് ടി.പി. രാമകൃഷ്ണനും 1694 വോട്ട് ഫാത്തിമ തഹിലിയക്കുമാണ് ലഭിച്ചത്. 369 വോട്ടിന്റെ ലീഡ് ഇതിൽ എൽ.ഡി.എഫിനുണ്ടായി. എൻ.ഡി.എ.ക്ക് 296 തപാൽ വോട്ടുലഭിച്ചു. പോസ്റ്റൽവോട്ടിൽ 270 വോട്ട് അസാധുവായപ്പോൾ 28 എണ്ണം നോട്ടയ്ക്കാണ് ലഭിച്ചത്. ഫാത്തിമ തഹിലിയയുടെ രണ്ട് അപരർക്കുംകൂടി 291 വോട്ടും ടി.പി.യുടെ രണ്ട് അപരർക്കുംകൂടി 134 വോട്ടും ലഭിക്കുകയും ചെയ്തു.
Content Highlights: Fathima Thahiliya secured a 5,087 vote margin victory., LDF failed to secure expected leads in strongholds like Nochad, Meppayur, Arikkulam, and Keezhariyur., Vote leakage in LDF-governed panchayats was the primary cause of the defeat., UDF failed to reach expected vote targets in Changaroth and Perambra panchayats., TP Ramakrishnan secured a lead in postal votes despite the overall constituency loss.
Published: 07 May 2026, 07:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented