പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിൽനിന്ന് വീണുമരിച്ച നഴ്‌സിങ് വിദ്യാർഥിനി അമ്മു എ.സജീവിന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ അഖിൽ സജീവ് പറഞ്ഞു. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ മൊഴി നൽകാൻ എത്തിയതായിരുന്നു അഖിൽ. ആരോപണവിധേയരായ മൂന്നു സഹപാഠികൾക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. പോലീസിന് വിശദമായ മൊഴി നൽകി. പോലീസ് അന്വേഷണം തൃപ്തികരമാണ്. അമ്മുവിന്റെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്നും അഖിൽ പറഞ്ഞു.

To advertise here,

കുടുംബം ആവശ്യപ്പെട്ടാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന, പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വാദം സഹോദരൻ നിഷേധിച്ചു. അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. അമ്മുവിന്റെ ഒപ്പമുണ്ടായിരുന്ന ആരോ ഒരാൾ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

അത് ആരാണെന്ന് അറിയില്ല. അമ്മയുടെ വീട് കോട്ടയമാണ്. അടുത്തുള്ള കോട്ടയത്തേക്ക് കൊണ്ടുപോകാതെ തിരുവനന്തപുരത്തേക്ക് എത്തിക്കാൻ കുടുംബം ഒരിക്കലും ആവശ്യപ്പെടില്ല. ആശുപത്രിയിൽ കാലതാമസമുണ്ടായി. ഹോസ്റ്റലിൽ പലതും സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അഖിൽ പറഞ്ഞു.

ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ.സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. പരിക്കേറ്റ നിലയിലെത്തിച്ച വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നെന്നും 108 ആംബുലൻസിൽ വിടാൻ ആലോചിച്ചപ്പോൾ കുട്ടിക്കൊപ്പം വന്നവരാണ് തിരുവനന്തപുരത്തേക്ക് റഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതർ പറയുന്നു.

പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ്

അമ്മുവിന്റെ മരണത്തിൽ കുറ്റക്കാരായ പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നേതാക്കൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പരീക്ഷകൾ, കലോത്സവം എന്നിവയെ ഒഴിവാക്കി. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും.

കെ.എസ്.യു. കോളേജിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.