കോട്ടയം: പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി അമ്മു എ.സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ, വിദ്യാർഥിനിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകർ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് റിപ്പോർട്ട്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സിപാസ്) നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോർട്ടിലാണ് അധ്യാപകരുടെ വീഴ്ച എടുത്തുപറയുന്നത്.
നവംബർ 15-നാണ് പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാർഥിനി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ.സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണ് മരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
മറ്റ് സഹപാഠികളും അമ്മുവും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ മാനസികമായി അകന്നതോടെ മറ്റ് വിദ്യാർഥിനികൾ അമ്മുവിനെതിരേ സ്ഥിരമായി ആരോപണമുന്നയിക്കുന്ന സ്ഥിതിയുണ്ടായി. ലോഗ്ബുക്ക് കാണാതായതിന്റേയും പണം നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്വം അമ്മുവിനാണെന്ന് ആരോപണമുണ്ടായത് കടുത്ത മാനസികവിഷമമുണ്ടാക്കി. സംഭവങ്ങൾ കാണിച്ച് അമ്മുവിന്റെ പിതാവ്, പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി അധ്യാപകർ ഗൗരവത്തോടെ എടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥിനിയുമായി സംസാരിച്ച് മാനസിക പിന്തുണ നൽകാനും പരിഹാരം നിർദേശിക്കാനും ആരുമുണ്ടായില്ല.
പരീക്ഷയ്ക്ക് ഒരുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആ സമയത്ത് കുട്ടിയെ വീട്ടിലേക്ക് അയച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നെന്നും സീപാസിലെ ഗവേണിങ് ബോഡിയംഗങ്ങളുൾപ്പെടെ നാലംഗസമിതി തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.
Content Highlights: eacher negligence in the death of a nursing student who fell from a hostel building
Published: 11 Jun 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented